സിഎഎ എത്ര പേര്‍ക്ക് പൗരത്വം നല്‍കി? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
എത്ര പേര്‍ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കിയെന്നും എത്ര പേര്‍ക്ക് പൗരത്വം നല്‍കിയെന്നും എത്രയെണ്ണം പരിഗണനയിലുണ്ടെന്നും വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയിലൂടെ ഇന്ത്യന്‍ പൗരത്വം നേടിയവരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര പേര്‍ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കിയെന്നും എത്ര പേര്‍ക്ക് പൗരത്വം നല്‍കിയെന്നും എത്രയെണ്ണം പരിഗണനയിലുണ്ടെന്നും വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
പൗരത്വത്തിനായി എത്രപേര്‍ അപേക്ഷ നല്‍കിയെന്ന രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 1955ലെ പൗരത്വ നിയമവും 2019ലെ നിയമവും അപേക്ഷ നല്‍കുന്നവരുടെ വിവരം സൂക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് കേന്ദ്രത്തിന് ഇതിന്റെ ന്യായം.
2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് പാസാക്കിയ സിഎഎ നിയമം 2024ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയ മുസ്‌ലിം ഇതര മതക്കാര്‍ക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് നിയമം. കൂടാതെ ആ മതക്കാര്‍ക്ക് പൗരത്വം നേടാന്‍ ഇന്ത്യയില്‍ ജീവിക്കേണ്ട കാലയളവ് പതിനൊന്നില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറക്കുകയും ചെയ്തു.
പുതിയ നിയമം അയല്‍രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കോടിക്കണക്കിന് പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച 2019ല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ മറ്റൊരു കണക്കാണ് പാര്‍ലമെന്ററി കാര്യ സമിതിക്ക് മുന്നില്‍ നല്‍കിയത്. കേവലം 31000 പേര്‍ക്ക് മാത്രമേ നിയമഭേദഗതി ഗുണം ചെയ്യൂവെന്നാണ് ഡയറക്ടര്‍ വിശദീകരിച്ചത്.