ബിഹാറില്‍ ഇടിമിന്നലേറ്റ് 18 മരണം

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നാലുമാസത്തില്‍ രാജ്യത്ത് 1,311 പേര്‍ മിന്നലേറ്റു മരിച്ചതായാണ് ഈ മാസം ആദ്യം കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Update: 2019-09-19 04:40 GMT

പട്‌ന: ബിഹാറിലെ വിവിധ മേഖലകളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ 18 പേര്‍ മരിച്ചു. കൈമൂര്‍, ഗയ, കിഴക്കന്‍ ചമ്പാരന്‍, പട്‌ന, ഭോജ്പൂര്‍, സിവാന്‍, കതിഹാര്‍, ജഹനാബാദ്, വൈശാലി, മുസഫര്‍പൂര്‍ എന്നിവിടങ്ങളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നലും ജീവഹാനിയുമുണ്ടായത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് കനത്ത മഴയ്‌ക്കൊപ്പം മിന്നലും ശക്തമായത്. ഇടിമിന്നലിനെത്തുടര്‍ന്ന് സോനഭദ്രയില്‍ 147 ആടുകളും ചത്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നാലുമാസത്തില്‍ രാജ്യത്ത് 1,311 പേര്‍ മിന്നലേറ്റു മരിച്ചതായാണ് ഈ മാസം ആദ്യം കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ ആഴ്ച ഉത്തര്‍പ്രദേശിലും ബിഹാറിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പട്‌നയില്‍ ബുധനാഴ്ച രാവിലെ 94.4 മില്ലിമീറ്ററും വാരാണസിയില്‍ 78.2 മില്ലിമീറ്ററുമായിരുന്നു മഴ. അടുത്ത ആഴ്ച വരെ മഴയും ഇടിമിന്നലും തുടരുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളിയാഴ്ചയ്ക്കുശേഷം മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. 

Tags:    

Similar News