വധശ്രമത്തിന് പിന്നിൽ എഎൻ ഷംസീർ; ഗുരുതര ആരോപണവുമായി സിഒടി നസീർ
ഏപ്രിൽ 28ന് ഷംസീർ ഓഫിസിൽ വിളിച്ചുവരുത്തി അടിച്ചു കാലുമുറിക്കും, കാണിച്ചു തരാം എന്നു ഭീഷണിപ്പെടുത്തിയിരുന്നു.
തലശ്ശേരി: തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് എ.എൻ.ഷംസീർ എംഎൽഎയെന്ന് സിഒടി നസീർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നസീർ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. ഈ കാര്യം മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും പോലിസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ സിപിഎം നേതാവായ സിഒടി നസീർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേതാവ് പി ജയരാജനെതിരേ വടകരയിൽ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ സമയത്ത് ആക്രമണം നടത്തിയത് അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നു വരുത്തിത്തീർത്ത് കുറ്റം മറ്റാരുടെയെങ്കിലും ചുമലിൽ ചാർത്താനാണെന്നും നസീർ പറയുന്നു. വടകരയിൽ മത്സരിച്ച സിപിഎം സ്‌ഥാനാർഥി പി.ജയരാജന് സംഭവത്തിൽ പങ്കില്ലെന്നു നസീർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഏപ്രിൽ 28ന് ഷംസീർ ഓഫിസിൽ വിളിച്ചുവരുത്തി അടിച്ചു കാലുമുറിക്കും, കാണിച്ചു തരാം എന്നു ഭീഷണിപ്പെടുത്തിയിരുന്നു. തലശ്ശേരി സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ നസീർ ഉന്നയിച്ചിരുന്നു. എംഎൽഎയ്ക്ക് എതിരാണെന്നു തോന്നിയതാവാം, ഇത് ആക്രമണത്തിന് കാരണമായെന്ന് നസീർ പറയുന്നു. മെയ് 18നു രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിൽ നസീർ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ 3 അംഗ സംഘം അടിച്ചും വെട്ടിയും ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു.
സിപിഎം സംഭവം അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉറപ്പു നൽകിയിരുന്നു. ഇത്രനാളായിട്ടും അതിനുള്ള നീക്കമൊന്നും കാണുന്നില്ല. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കണം. അതിനായി കോടതിയെ സമീപിക്കുമെന്നും നസീർ പറഞ്ഞു