നിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്യൂസ് താഴത്ത്
തൃശൂര്‍: നിരീശ്വരവാദി ഗ്രൂപ്പുകള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ സ്വാധീനിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരീശ്വരവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണ്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കാന്‍ സംഘടിതശ്രമം നടത്തുകയാണ്. ഇതുമൂലം സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവര്‍ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെണ്‍കുട്ടികളും അതില്‍പെട്ടുപോയിട്ടുണ്ട്. നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വര്‍ക്കുണ്ട്. വിശ്വാസികളായ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് നിരീശ്വരവാദി പദ്ധതികളെക്കുറിച്ച് തന്നോട് പറഞ്ഞത്. വിശ്വാസത്തില്‍ നിന്ന് അകറ്റുന്ന ഈ പ്രതിസന്ധി കാലത്ത് കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാന്‍ കഴിയില്ല. സഭയില്‍ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ് സഭ കടന്നുപോവുന്നത്.
തൃശൂര്‍ മെത്രാനായി ചുമതലയേറ്റിട്ട് 18 വര്‍ഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരില്‍ നിന്ന് 50,000 പേര്‍ കുറഞ്ഞിട്ടുണ്ട്. സഭ വളരുകയാണോ തളരുകയാണോ. തൃശൂര്‍ രൂപതയിലെ കുറേയേറെ പെണ്‍കുട്ടികള്‍ ഈ ശൃംഖലയില്‍ പെട്ടിട്ടുണ്ട്. പള്ളിയിലേക്ക് പോവുന്ന പെണ്‍കുട്ടികളെത്തുന്നത് ഇത്തരം ഗ്രൂപ്പുകളിലാണ്. 35 വയസ്സ് കഴിഞ്ഞ 10000-15000 യുവാക്കള്‍ യുവാക്കള്‍ വിവാഹം കഴിക്കാനാവാതെ നില്‍ക്കുന്നു.
മക്കളില്ലാത്ത ദമ്പതികളുടെയും വിവാഹമോചനം തേടുന്നവരുടെയും എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. സഭയെ നശിപ്പിക്കാന്‍ ശത്രുക്കള്‍ കുടുംബത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്നതും തകര്‍ക്കപ്പെടുന്നതും കുടുംബമാണ്.
സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നു. സഭയയെ തകര്‍ക്കാന്‍ വൈദികര്‍ക്കെതിരായി, കന്യാസ്ത്രീകള്‍ക്കെതിരായി, മെത്രാന്‍മാര്‍ക്കെതിരായി ശ്രമം നടന്നു. ഇപ്പോള്‍ കുടുംബങ്ങള്‍ക്കെതിരായി നടക്കുന്നു- ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ജസ്റ്റിസ് കുര്യന്‍ ജോസഫ് വിഷയാവതരണം നടത്തി. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മോര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഫ്രാന്‍സിസ് ആളൂര്‍ സംസാരിച്ചു.