സിഎഎ അടിയന്തരമായി നിരുപാധികം റദ്ദാക്കുക; കേന്ദ്രത്തോട് ഗോവ ആര്‍ച്ച് ബിഷപ്പ്
പനാജിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആര്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി ബിഷപ്പ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.
പനാജി: മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിഎഎ അടിയന്തരമായി നിരുപാധികം റദ്ദാക്കണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരി ഫെരാവോ. ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'അടിയന്തരമായി നിരുപാധികം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക. എന്‍ആര്‍സിയും എന്‍പിആറും നടപ്പാക്കാനുള്ള നടപടികള്‍ റദ്ദാക്കുക. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സിഎഎ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വലിയ ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണ് എന്‍ആര്‍സിയും എന്‍പിആറും'. ബിഷപ്പ് പറഞ്ഞു.
പനാജിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആര്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി ബിഷപ്പ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.
ദലിത്, ആദിവാസി, കുടിയേറ്റ തൊഴിലാളികള്‍, നാടോടികള്‍ തുടങ്ങിയവരേയും കഴിഞ്ഞ 70 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ താമസിക്കുകയും വോട്ടവകാശമുള്ളതുമായ പൗരന്മാരെയും രാജ്യത്തുനിന്നു പുറത്താക്കുന്നതിന് എന്‍ആര്‍സിയും എന്‍പിആറും വഴിയൊരുക്കും. പെട്ടന്നൊരു ദിവസം രാജ്യമില്ലാത്തവരാകുകയും തടങ്കല്‍ പാളയങ്ങളില്‍ തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒരാള്‍ക്കുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.