ഹിന്ദി ഗായിക കനിക കപൂറിന് കോവിഡ് 19; യാത്ര മറച്ചുവെച്ചു, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി

ലണ്ടനിലെ നീണ്ട നാള്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് 41കാരിയായ കനിക ലഖ്‌നൗവിലേക്ക് തിരികെ എത്തിയത്. എന്നാല്‍, തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ല.

Update: 2020-03-20 11:02 GMT

ലഖ്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച നാലു പേരില്‍ ഒരാളാണ് ലഖ്‌നൗ സ്വദേശിയായ കനിക കപൂര്‍. ലഖ്‌നൗലെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ഇവര്‍. ലണ്ടനിലെ നീണ്ട നാള്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് 41കാരിയായ കനിക ലഖ്‌നൗവിലേക്ക് തിരികെ എത്തിയത്. എന്നാല്‍, തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ല. ലഖ്‌നൗവില്‍ തിരിച്ചെത്തിയതിന് പിന്നാലെ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയ നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് റിപോര്‍ട്ടുകള്‍.

സണ്ണി ലിയോണ്‍ അഭിനയിച്ച രാഗിണി എംഎംഎസ് 2ലെ 'ബേബി ഡോള്‍' എന്ന ഗാനത്തിലൂടെയാണ് കനിക പ്രശസ്തയായത്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ തന്റെ രോഗവിവരം കനിക ആരാധകരുമായി പങ്കുവച്ചു. 'കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. പരിശോധനയില്‍ അത് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനും എന്റെ കുടുംബവും ഇപ്പോള്‍ പൂര്‍ണമായും സമ്പര്‍ക്ക വിലക്കിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി അടുത്തിടപെഴകിയവരുെട പട്ടികയും റൂട്ട് മാപ്പും വൈകാതെ പ്രസിദ്ധീകരിക്കും,' കനിക കപൂര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യാത്രവിവരങ്ങള്‍ യഥാസമയം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതിരുന്നതും സ്വയം സമ്പര്‍ക്ക വിലക്ക് സ്വീകരിക്കാതിരുന്നതും അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലഖ്‌നൗവിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കനിക താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ എല്ലാവരേയും ക്വറന്റീന്‍ ചെയ്യണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്. ഗായികയുമായി അടുത്തിടപെഴുകിയവര്‍ക്ക് സമ്പര്‍ക്കവിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.

Tags:    

Similar News