ഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം 1991 ന്റെ ലംഘനം: എസ്ഡിപിഐ

Update: 2022-05-16 13:16 GMT

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരുഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവിനെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. 1947 ആഗസ്ത് 15ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയ നിയമം 1991 ന്റെ നഗ്‌നമായ ലംഘനമാണ് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ്. ഒരു മതവിഭാഗത്തിന്റെയും വിശുദ്ധമായ സ്ഥലങ്ങളില്‍ ആരും കടന്നുകയറരുതെന്ന് പ്രസ്തുത നിയമം ഉറപ്പിച്ചുപറയുന്നു.

ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കവും തടസ്സവും പുതിയ കാര്യമല്ല. എന്നാല്‍, മറ്റ് മതവിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ നിര്‍മിച്ചതും ഉടമസ്ഥതയിലുള്ളതുമായ ആരാധനാലയങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും ഉടമസ്ഥാവകാശം ഇല്ലാതാക്കുക, നശിപ്പിക്കുക, തട്ടിയെടുക്കുക എന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. അവര്‍ സ്വയം അവകാശപ്പെടുന്നതുപോലെ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതും പൊളിക്കാനോ കവര്‍ന്നെടുക്കാനോ 3,000 മസ്ജിദുകളുടെ പട്ടിക അവര്‍ തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിലെ രണ്ടാമത്തെ മസ്ജിദാണ് ഗ്യാന്‍ വാപി, ബാബരി മസ്ജിദ് ആണ് ആദ്യത്തേത്.

ബാബരി മസ്ജിദിന്റെ അതേ രീതിയാണ് ഗ്യാന്‍ വാപി മസ്ജിദിന്റെ കാര്യത്തിലും പിന്തുടരുന്നത്. മനുവാദ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള യാത്രയിലെ പ്രധാന ലക്ഷ്യങ്ങളാണ് 'വിദേശ' മതങ്ങളുടെയും അവയുടെ ചിഹ്‌നങ്ങളുടെയും നാശവും ഉന്‍മൂലനവും. അവരുടെ പ്രഖ്യാപിത ലക്ഷ്യം കൈയെത്തും ദൂരത്തെത്തിയിരിക്കുന്നു. ഗ്യാന്‍ വാപിയുടെ കാര്യത്തിലും ബാബരി മസ്ജിദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിശയിക്കാനില്ല. എന്നാല്‍, രാജ്യത്തെ മതേതര ജനതയുടെ പിന്തുണയോടെ മസ്ജിദും രാജ്യത്തെ സമാധാനവും തകര്‍ക്കുന്ന അത്തരം ഏത് പ്രവൃത്തിയെയും എസ്ഡിപിഐ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുക തന്നെ ചെയ്യും.

2014 ല്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തത് മുതല്‍ രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയായി മാറ്റാനുള്ള ശ്രമം നടക്കുന്നു. രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റുകള്‍ 1991 ലെ ആരാധനാലയ നിയമം വിഭാവനം ചെയ്ത മുസ്‌ലിം ആരാധനാലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്.

അതിനാല്‍, രാജ്യത്തെ മതേതര ജനാധിപത്യ സമൂഹം അവരുടെ മതവിശ്വാസാചാരങ്ങള്‍ക്കതീതമായി സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കാനും രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്നതില്‍ നിന്ന് സംഘപരിവാറിനെ ചെറുക്കാനും നിയന്ത്രിക്കാനും കൈകോര്‍ക്കണമെന്നും എം കെ ഫൈസി അഭ്യര്‍ഥിച്ചു.

Tags:    

Similar News