'നിങ്ങള്‍ കരുതുന്നത് പോലെയല്ല ഞാന്‍'; കണ്ണീര്‍ നനവുള്ള ജീവിത കഥ പങ്കുവച്ച് മൊ ഫെറ

ഹുസൈന്‍ അബ്ദി കാഹിന്‍ എന്നാണ് യഥാര്‍ഥ പേരെന്ന വെളിപ്പെടുത്തലോടെയാണ് മൊ ഫറ ഇരുട്ടുപിടിച്ച ജീവിത കഥ തുറന്നു പറയുന്നത്.

Update: 2022-07-12 12:24 GMT

ലണ്ടന്‍: സ്വന്തം ജീവിതത്തിലെ ഇതുവരെ വെളിപ്പെടുത്താത്ത ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച് ഒളിംപിക്‌സ് ഇതിഹാസം മുഹമ്മദ് ഫറ. ആഫ്രിക്കയില്‍ നിന്നും യുകെയിലേക്ക് കുടിയേറിപാര്‍ത്ത അഭയാര്‍ഥി കുടുംബത്തിലെ ഒരംഗമെന്നാണ് മുഹമ്മദ് ഫെറയെ ഇതുവരെ ലോകം അറിഞ്ഞിരുന്നത്. ഹുസൈന്‍ അബ്ദി കാഹിന്‍ എന്നാണ് യഥാര്‍ഥ പേരെന്ന വെളിപ്പെടുത്തലോടെയാണ് മൊ ഫറ ഇരുട്ടുപിടിച്ച ജീവിത കഥ തുറന്നു പറയുന്നത്.

തന്നെ ഒമ്പതാം വയസ്സില്‍ ജിബൂട്ടിയില്‍നിന്ന് ബ്രിട്ടനിലേക്ക് അജ്ഞാതയായ സ്ത്രീ അനധികൃതമായി കടത്തിയതാണെന്നും തന്റെ യഥാര്‍ഥ പേര് ഹുസൈന്‍ അബ്ദി കഹിന്‍ എന്നാണെന്നും 39കാരനായ ഫറ ബിബിസി തയാറാക്കിയ 'ദി റിയല്‍ മൊ ഫറ' എന്ന ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡോക്യുമെന്ററി ബുധനാഴ്ച പുറത്തുവരും.

എട്ടുവയസ്സുകാരനായ താന്‍ യുകെയിലെത്തുന്നത് ഒരു വീട്ടില്‍ വേലക്കാരനായാണ്. ആ വീട്ടിലെ കുഞ്ഞുങ്ങളുടെ പരിപാലനമായിരുന്നു എട്ടുവയസ്സു മാത്രമുള്ള തന്റെ ജോലിയെന്നും മൊ ഫെറ ഓര്‍മ്മിക്കുന്നു.

2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും 5,000മീ, 10,000മീ ദീര്‍ഘദൂര ഓട്ടത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായിരുന്ന മൊ ഫെറ ലോക കായിക ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട പേരാണ്. പത്തോളം അന്താരാഷ്ട്ര ചാംപ്യന്‍ ഷിപ്പുകളില്‍ ഗോള്‍ഡ്‌മെഡല്‍ ജേതാവ് കൂടിയാണ് മുഹമ്മദ് ഫെറ.

മാതാ പിതാക്കളോടൊപ്പം ആഫ്രിക്കയില്‍ നിന്നും യുകെയിലേക്ക് കുടിയേറിപാര്‍ത്ത അഭയാര്‍ഥി കുടുംബമാണ് മാഫെറയുടേതെന്നാണ് ലോകം ഇതുവരെ അറിഞ്ഞിരുന്നത്. എന്നാല്‍, തന്റെ മാതാപിതാക്കള്‍ യുകെയില്‍ വന്നിട്ടില്ലെന്നാണ് 39കാരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്.

എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍ തന്നെ മുഹമ്മദ് ഫറ എന്ന പേര് നല്‍കി ബ്രിട്ടനിലെത്തിച്ചത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ്. 'നാല് വയസ്സുള്ളപ്പോള്‍ സോമാലിയയില്‍ ആഭ്യന്തര കലാപത്തില്‍ പിതാവ് കൊല്ലപ്പെട്ടു. അമ്മയും രണ്ട് സഹോദരന്മാരും വേര്‍പിരിഞ്ഞ സംസ്ഥാനമായ സോമാലിലാന്‍ഡില്‍ താമസിക്കുന്നു. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല ഞാന്‍ എന്നതാണ് സത്യം, മിക്ക ആളുകള്‍ക്കും എന്നെ അറിയുന്നത് മൊ ഫറാ എന്നാണ്, പക്ഷേ ഇത് എന്റെ പേരല്ല അല്ലെങ്കില്‍ അത് യാഥാര്‍ഥ്യമല്ല'- ഫറ പറയുന്നു.

പിതാവിന്റെ മരണത്തിന് ശേഷം മാതാവിനും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം സൊമാലിയയുടെ വിഭജിക്കപ്പെട്ട ഭാഗത്ത് കഴിയുന്നതിനിടെയാണ് അജ്ഞാതയായ ഒരു സ്ത്രീ മുഹമ്മദ്‌ഫെറ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടില്‍ തന്നെ ആഫ്രിക്കയില്‍നിന്നും യുകെയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.

ഹുസൈന്‍ അബ്ദി കാഹിം എന്ന യഥാര്‍ഥ പേര് മറച്ചുവെച്ചാണ് അവര്‍ തന്നെ യുകെയിലെത്തിക്കുന്നത്. ബന്ധുക്കളുടെ അടുത്തെത്തിക്കാമെന്ന് വാഗ്ദാനം നല്കിയാണ് പേരുപോലും അറിയാത്ത സ്ത്രീ ഫെറയെ യുകെയിലേക്ക് കൊണ്ടുപോന്നത്. എന്നാല്‍ യുകെയിലെത്തിയ ഉടനെ തന്റെ കയ്യില്‍ നിന്നും ബന്ധുക്കളുടെ മേല്‍വിലാസമടങ്ങിയ കടലാസ് അവര്‍ പിടിച്ചുവാങ്ങി നശിപ്പിച്ചെന്നും മാ ഫെറ പറയുന്നു.ഞാന്‍ കുഴപ്പത്തിലാണെന്ന് ആ നിമിഷമാണ് മനസ്സിലാക്കിയത്. കുടുംബത്തെ വീണ്ടും കാണണമെന്ന് പറയാന്‍ പോലും പാടില്ലായിരുന്നു. തുടര്‍ന്ന് മറ്റൊരു കുടുംബത്തിന്റെ കുട്ടികളെ നോക്കാന്‍ പ്രേരിപ്പിച്ചു. പലപ്പോഴും കുളിമുറിയില്‍ ഇരുന്ന് കരയുമായിരുന്നുവെന്നും അദ്ദേഹം വേദനയോടെ പങ്കുവയ്ക്കുന്നു. പിന്നീട് യുകെയില്‍ ഒരു വീട്ടില്‍ ജോലിക്കാരനായി അവര്‍ തന്നെ നിര്‍ത്തുകയും ചെയ്തു. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കുരുക്കിലാണ താന്‍ എത്തപ്പെട്ടതെന്ന് കുഞ്ഞ് ഫെറ തിരിച്ചറിഞ്ഞു. ആ ദിവസങ്ങളില്‍ തനിച്ചിരുന്ന് കരയുകയല്ലാതെ മറ്റൊന്നിനും കഴിയില്ലായിരുന്നുവെന്നാണ് ഫെറ വിശദീകരിക്കുന്നത്.

ഭൂതകാലത്തെക്കുറിച്ച് പറയാന്‍ തന്റെ കുട്ടികളാണ് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകനായ അലന്‍ വാട്ട്കിന്‍സണോട് ഫറ ഒടുവില്‍ സത്യം പറയുകയും അദ്ദേഹം പ്രാദേശിക അധികാരികളെ അറിയിക്കുകയുമായിരുന്നു. ഫറയുടെ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചതും വാട്കിന്‍സണാണ്, അത് നീണ്ട പ്രക്രിയയായിരുന്നെന്നും അത്‌ലറ്റിക്‌സാണ് തന്നെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2000ത്തിലാണ് ഫറക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്.

ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടം തന്നെയായിരുന്നു തന്റെ അത്‌ലറ്റിക്‌സ് ജീവിതം എന്നും മുഹമ്മദ് ഫെറ വ്യക്തമാക്കുന്നു.

Tags:    

Similar News