കൊച്ചി: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ മയ്യിത്ത് കൊച്ചിയില്‍നിന്ന് ജന്‍മനാടായ ആലപ്പുഴ മണ്ണഞ്ചേരി പുന്നാടേയ്ക്ക് കൊണ്ടുപോയി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെയാണ് മയ്യിത്തുമായി ആംബുലന്‍സ് ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും വാഹനത്തെ അനുഗമിക്കുന്നുണ്ട്. മണ്ണഞ്ചേരി പൊന്നാടുള്ള സ്വവസതിയിലെത്തിക്കുന്ന മയ്യിത്ത് വൈകീട്ടോടെ പുന്നാട് ജുമാ മസ്ജിദില്‍ ഖബറടക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
എസ് ഡിപിഐയുടെയും പോപുലര്‍ ഫ്രണ്ടിന്റെയും ദേശീയ, സംസ്ഥാന നേതാക്കളടക്കമുള്ള വലിയ നിരയാണ് കെ എസ് ഷാന്റെ മയ്യിത്ത് സൂക്ഷിച്ചിരുന്ന എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളജിലുമായി എത്തിച്ചേര്‍ന്നിരുന്നത്. ശനിയാഴ്ച രാത്രി 7.30ന് മണ്ണഞ്ചേരി കപ്പേടത്തുവച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി വെട്ടുകളേറ്റ കെ എസ് ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്ന് നിരവധി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് തടിച്ചുകൂടി.
രാത്രി മുഴുവന്‍ പ്രിയ നേതാവിന്റെ മുഖം അവസാനമായി ഒരുനോക്കുകാണാനായി ഉറക്കമൊഴിച്ച് നിറകണ്ണുകളുമായി ആശുപത്രിക്ക് മുന്നില്‍ നിലയുറപ്പിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് മയ്യിത്ത് ഏറ്റുവാങ്ങി. തുടര്‍ന്ന് കളമശ്ശേരിയിലേക്ക് മയ്യിത്ത് വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് കൊണ്ടുപോയത്. ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പോലിസിന്റെ ആവശ്യാര്‍ഥമാണ് പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരിയിലേക്ക് മാറ്റിയത്.