കര്‍ണാടക: മുഖ്യമന്ത്രി കുമാരസ്വാമി രാജിക്ക്; ഇന്ന് രാവിലെ നിര്‍ണായക മന്ത്രിസഭായോഗം
ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തേക്കും.
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ രാജിവയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തേക്കും.
മുഖ്യമന്ത്രി നാളെ ഗവര്‍ണറെ കണ്ട് കത്തുനല്‍കുമെന്നും അല്ലെങ്കില്‍ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം രാജിവച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പു നേരിടുന്നതാണു നല്ലതെന്ന വികാരമാണു കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉടനടി തീരുമാനമെടുക്കുന്നതിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ നയിച്ചതെന്നാണ് വിവരം.
ഡി കെ ശിവകുമാറിനെ മുംബൈയിലെത്തിച്ച് രാജിവച്ച എംഎല്‍എമാരെ തിരികെ കൊണ്ടുവരികയെന്നതായിരുന്നു സഖ്യസര്‍ക്കാരിന്റെ ഏകപ്രതീക്ഷ. എന്നാല്‍, ബിജെപി നടത്തിയ കരുനീക്കങ്ങള്‍ക്കൊടുവില്‍ മുംബൈയിലെത്തിയ ശിവകുമാറിന് എംഎല്‍എമാരെ കാണാന്‍ പോലും സാധിച്ചില്ല. ശിവകുമാറിനെയും കൂട്ടരെയും കസ്റ്റഡിയിലെടുത്ത പോലിസ് എംഎല്‍എമാര്‍ താമസിക്കുന്ന പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അതിനിടെ, കോണ്‍ഗ്രസ് എംഎല്‍എമാരായ എം ടി ബി നാഗരാജും കെ സുധാകറും കൂടി രാജിവച്ചത് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതോടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പിന്തുണ നൂറുപേരായി ചുരുങ്ങുകയും ചെയ്തു. മറുപക്ഷത്ത് 107 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബുധനാഴ്ച ബിജെപി അധ്യക്ഷന്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ വരുംദിവസങ്ങള്‍ ബിജെപി നീക്കങ്ങള്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. ഇനി രാജിവച്ച എംഎല്‍എമാര്‍ക്ക് സുപ്രിംകോടതിയില്‍നിന്ന് പ്രതികൂലവിധിയുണ്ടായെങ്കില്‍ മാത്രമേ സഖ്യസര്‍ക്കാരിന് കുറച്ചെങ്കിലും പ്രതീക്ഷയുള്ളൂ.