ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതി: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
മുംബൈ ഡന്‍ഡോഷി സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
മുംബൈ: ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ഡന്‍ഡോഷി സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്. തന്റെ എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയിയാണെന്നും യുവതി പോലിസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.
കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത് ബിനോയിയുടെ പേരാണ്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നതും ബിനോയിയുടെ പേര് തന്നെയെന്നത് ശക്തമായ തെളിവുകളാണ്.
ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലിസ് അറിയിച്ചു. സംഭവത്തില്‍ ബിനോയിക്കെതിരേ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ വ്യക്തമാക്കി.ബിനോയ് കോടിയേരിക്കെതിരായ ബലാല്‍സംഗ കേസ് നിലനില്‍ക്കുമെന്നും പോലിസ് അറിയിച്ചു.
അതേസമയം, ഒളിവില്‍ പോയ ബിനോയിയെ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ രാജ്യം വിട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ബിനോയ് കേരളത്തില്‍ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് മുംബൈ പോലിസ്. ബിനോയിക്കെതിരായി പുറപ്പെടുവിച്ച ലുക് ഔട്ട് നോട്ടീസ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.