വോട്ടെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; പാലായില്‍ എന്‍ ഹരി യുഡിഎഫിന് വോട്ടുമറിച്ചെന്ന് ആക്ഷേപം

കഴിഞ്ഞ തവണ ബിജെപിക്ക് 24,000ന് മുകളില്‍ വോട്ടുലഭിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കഴിഞ്ഞതവണത്തെ വോട്ടുപോലും ബിജെപിക്ക് കിട്ടില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേനയാണ് വോട്ടുമറിച്ചത്. ഇതിന്റെ കണക്കുകള്‍ കിട്ടിയിട്ടുണ്ടെന്നും ഫലപ്രഖ്യാപനത്തിനുശേഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ബിനു വ്യക്തമാക്കി. ഹരി സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണവും ബിനു ഉന്നയിച്ചിട്ടുണ്ട്. ക്വാറി, ഭൂമാഫിയകളില്‍ നിന്ന് ഹരി പണം വാങ്ങിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

Update: 2019-09-23 17:13 GMT

ആരോപണമുന്നയിച്ച മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ബിജെപിയില്‍ പൊട്ടിത്തെറി. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റുമായ എന്‍ ഹരി യുഡിഎഫിന് വോട്ടുമറിച്ചുവെന്ന ആരോപണവുമായി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്താണ് രംഗത്തെത്തിയത്. എന്‍ ഹരി പണം വാങ്ങിയാണ് വോട്ടുമറിച്ചതെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കെ എം മാണിക്കുവേണ്ടി വോട്ടുകച്ചവടം നടത്തിയിരുന്നെന്നും ബിനു ആരോപിച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല.

കഴിഞ്ഞ തവണ ബിജെപിക്ക് 24,000ന് മുകളില്‍ വോട്ടുലഭിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കഴിഞ്ഞതവണത്തെ വോട്ടുപോലും ബിജെപിക്ക് കിട്ടില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേനയാണ് വോട്ടുമറിച്ചത്. ഇതിന്റെ കണക്കുകള്‍ കിട്ടിയിട്ടുണ്ടെന്നും ഫലപ്രഖ്യാപനത്തിനുശേഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ബിനു വ്യക്തമാക്കി. ഹരി സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണവും ബിനു ഉന്നയിച്ചിട്ടുണ്ട്. ക്വാറി, ഭൂമാഫിയകളില്‍ നിന്ന് ഹരി പണം വാങ്ങിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ സസ്‌പെന്റ് ചെയ്തതായി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതിനാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. വോട്ടുകച്ചവടം നടത്തിയെന്ന ബിനുവിന്റെ ആരോപണം ശരിയല്ല. അച്ചടക്ക നടപടിയെടുത്തശേഷം പിടിച്ചുനില്‍ക്കാനാണ് ഉന്നയിക്കുന്ന ആരോണമാണിത്. പാലായില്‍ എന്‍ഡിഎ വലിയ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, താന്‍ ഈമാസം ഒമ്പതിനുതന്നെ രാജിവച്ചിരുന്നതായി ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന കത്തും ബിനു പുറത്തുവിട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയാണെന്നും ബിനു പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയിലേക്കെത്തിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിതനായി. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പടലപ്പിണക്കങ്ങള്‍ രൂക്ഷമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിനു സ്ഥാനാര്‍ഥിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എന്‍ ഹരിയുടെ വിജയസാധ്യത കണക്കിലെടുത്ത് പാര്‍ട്ടി തള്ളുകയായിരുന്നു. ഇതിന്റെ അമര്‍ഷം കാരണം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍നിന്ന് ബിനു വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിഷേധസൂചകമായി 10 ദിവസം മുമ്പുതന്നെ ബിനു പാര്‍ട്ടിയില്‍നിന്ന് സ്ഥാനങ്ങള്‍ രാജിവച്ച കത്ത് ജില്ലാ പ്രസിഡന്റിന് നല്‍കിയിരുന്നു.

എന്നാല്‍, ബിജെപി ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. അതിനിടെ, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന് വോട്ട് മറിക്കാന്‍ ബിജെപി തീരുമാനിച്ചതായുള്ള ആരോപണവുമായി എന്‍സിപി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രംഗത്തെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ബിജെപിയ്ക്കുള്ളിലുണ്ടായിരിക്കുന്ന പൊട്ടിത്തെറി. ബിജെപിയിലെ ഒരുവിഭാഗം ജോസ് ടോമിന് വോട്ടുമറിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടിയില്‍നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിനെ എതിര്‍ത്ത് പാലാ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ബിനു പുളിക്കക്കണ്ടം രംഗത്തെത്തുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അഭിപ്രായഭിന്നത വോട്ടെടുപ്പ് അവസാനിച്ചതോടെ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുകയാണ്.  

Tags:    

Similar News