അഞ്ച് വൃക്ഷത്തൈ നട്ടാല്‍ ബലാല്‍സംഗക്കേസിലെ അറസ്റ്റ് വാറണ്ട് റദ്ദാക്കാമെന്ന് കോടതി

തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതിയായ രാജു എന്ന കല്ലുവിന്റെ മുന്നിലാണ് കോടതി ഈ വ്യവസ്ഥവച്ചത്.

Update: 2019-03-09 14:34 GMT

ഗാസിയാബാദ്: അഞ്ചു വൃക്ഷത്തൈ നട്ടാല്‍ ബലാല്‍സംഗക്കേസിലെ പ്രതിയുടെ അറസ്റ്റ് വാറണ്ട് റദ്ദാക്കാമെന്ന അത്യപൂര്‍വ ഉപാധിയുമായി ഗാസിയാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതിയായ രാജു എന്ന കല്ലുവിന്റെ മുന്നിലാണ് കോടതി ഈ വ്യവസ്ഥവച്ചത്.

നാലുവര്‍ഷം മുമ്പ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി രാജു കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കല്ലുവിനെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, ഈ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജു കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ന്നാണ് മരം നടാന്‍ കോടതി നിര്‍ദേശിച്ചത്. പ്രതി തൈ നട്ടുവെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിന് ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Similar News