ഭീമ കൊറേഗാവ് കേസിലെ തെളിവുകള്‍ 'തിരുകി കയറ്റിയത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഫോറന്‍സിക് ലാബ്

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയായ റോണ വില്‍സണെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ പത്തോളം കത്തുകള്‍ തിരുകി കയറ്റുകയായിരുന്നുവെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തല്‍.

Update: 2021-02-10 16:26 GMT

ന്യൂഡല്‍ഹി: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ആക്റ്റീവിസ്റ്റുകള്‍ക്കെതിരായ പ്രധാന തെളിവുകള്‍ പോലിസ് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ ഹാക്കറെ ഉപയോഗിച്ച് തിരുകി കയറ്റിയതാണെന്ന് മസാച്യുസെറ്റ്‌സിലെ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനം. ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ട് വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്.

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയായ റോണ വില്‍സണെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ പത്തോളം കത്തുകള്‍ തിരുകി കയറ്റുകയായിരുന്നുവെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തല്‍. റോണ വില്‍സണെതിരായ കുറ്റം തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് 'കണ്ടെത്തിയ' ഈ പത്തോളം കത്തുകളാണ് അന്വേഷണ ഏജന്‍സി ഉയര്‍ത്തിക്കാട്ടിയിരുന്നത്.

റോണ വില്‍സണ്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഹാക്കര്‍ റോണ വില്‍സന്റെ ലാപ് ടോപ്പില്‍ നുഴഞ്ഞുകയറാന്‍ മാല്‍വെയര്‍ ഉപയോഗിക്കുകയും 10 കുറ്റകരമായ കത്തുകള്‍ കംപ്യൂട്ടറില്‍ തിരുകി കയറ്റുകയും ചെയ്തതായി മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങില്‍നിന്നുള്ള റിപോര്‍ട്ടില്‍ പറയുന്നു. വില്‍സണ്‍ അഭിഭാഷകരുടെ അഭ്യര്‍ഥന പ്രകാരമാണ് ലാപ്‌ടോപ്പിന്റെ ഇലക്ട്രോണിക് പതിപ്പ് പരിശോധനയ്ക്കു വിധേയമാക്കിയത്.


അതേസമയം ഹാക്കറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഴ്‌സണലിന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. തെളിവ് തട്ടിയെടുക്കുന്നതുമായി ബന്ധപ്പട്ട് നടന്നിട്ടുള്ള ഏറ്റവും ഗുരുതരമായ കേസുകളില്‍ ഒന്നാണ് ഇതെന്നാണ് ഫോറന്‍സിക് ഏജന്‍സി പറയുന്നത്. ഈ കത്തുകളാണ് റോണ വില്‍ണെതിരായ പ്രാഥമിക തെളിവുകളായി പൂനെ പോലിസ് അവകാശപ്പെടുന്നത്.

മാവോവാദി ബന്ധം ആരോപിച്ചാണ് റോണ വില്‍സണ്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ പൂനെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. മലയാളിയായ റോണ വില്‍സണാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത്. റോണയുടെ ലാപ്‌ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞിരുന്നു. 'രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ' മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം. 2018ല്‍ ദല്‍ഹിയിലെ മുനീര്‍ക്കയിലെ ഒറ്റമുറി ഫഌറ്റില്‍ നിന്ന് നിന്നും പൂനെ പോലിസും ഡല്‍ഹി പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷന്റെ ഭാഗമായാണ് റോണ വില്‍സണെ അറസ്റ്റ് ചെയ്ത് യുഎപിഎ നിയമപ്രകാരം തടവിലാക്കുന്നത്.

ആഴ്‌സണല്‍ റിപോര്‍ട്ട് തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാക്കുന്നതും പ്രോസിക്യൂഷന്‍ വാദം അസ്ഥിരപ്പെടുത്തുന്നതുമാണെന്ന് വില്‍സന്റെ അഭിഭാഷകന്‍ സുദീപ് പാസോബോള പറഞ്ഞു. പുതിയ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തന്റെ കക്ഷിക്കെതിരായ കേസ് തള്ളണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണ സംഘം നടത്തിയ വില്‍സന്റെ ലാപ്‌ടോപ്പിന്റെ ഫോറന്‍സിക് പരിശോധനയില്‍ മാല്‍വെയറിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇവര്‍ക്കെതിരായ കേസുകളുടെ മേല്‍നോട്ടംവഹിക്കുന്ന എന്‍ഐഎയുടെ വക്തമാവ് ജയറോയ് പറഞ്ഞു.

റോണാ വില്‍സനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു നിരവധി സാമൂഹിക പ്രവര്‍ത്തകരെയും പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും തടവില്‍ വയ്ക്കുകയും ചെയ്തിരുന്നു. ദലിത് സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ ധാവ്‌ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്, സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് റാവുത്, സര്‍വകലാശാല അധ്യാപകനായ ഷോമ സെന്‍, കവി വരവര റാവു, ക്രൈസ്തവ പുരോഹിതന്‍ സ്റ്റാന്‍ സ്വാമി തുടങ്ങിയവര്‍ ഇതില്‍ ചിലരാണ്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിറകില്‍ മാവോവാദി പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ അഞ്ചു പേരാണ് എന്നാണ് പോലിസ് ഇവര്‍ക്കെതിരേ ഉന്നയിക്കുന്ന പ്രധാന ആരോപണം.

Tags:    

Similar News