വിജയിച്ചത് ന്യൂസിലന്റോ? ഓവര്‍ത്രോയില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയത് തെറ്റെന്ന് വിദഗ്ധര്‍
ലോകകപ്പിലെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് കലാശപ്പോരില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മസേനയുടെ തീരുമാനം തെറ്റാണെന്നാണ് വിദഗ്ധ പക്ഷം. വിവാദം കൊഴുക്കുന്നതിനിടെ അംപയറിങ് പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലോര്‍ഡ്‌സ്: അത്യന്തം ആവേശം നിറഞ്ഞ ക്രിക്കറ്റ് ലോക കപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത് അംപയറുടെ പിഴവോ? ലോകകപ്പിലെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് കലാശപ്പോരില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മസേനയുടെ തീരുമാനം തെറ്റാണെന്നാണ് വിദഗ്ധ പക്ഷം. വിവാദം കൊഴുക്കുന്നതിനിടെ അംപയറിങ് പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ അന്‍പതാം ഓവറിലെ നാലാം പന്താണ് കളിയില്‍ വഴിത്തിരിവായത്. ട്രെന്റ് ബോള്‍ട്ട് നാലാം പന്തെറിയുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ ഒന്‍പത് റണ്‍സ്. ബോള്‍ട്ടാണ് പന്തെറിയുന്നതെന്നതിനാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം അല്‍പ്പം പ്രയാസം തന്നെയായിരുന്നു ആ ലക്ഷ്യം.
നാലാം ബോള്‍ സ്‌റ്റോക്ക്‌സ് പായിച്ചത് ഡീപ് മിഡ് വിക്കറ്റിലേക്കായിരുന്നു. പന്ത് ചെന്നത് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ കൈയിലേക്കും. രണ്ടാം റണ്ണിനു ശ്രമിച്ച സ്റ്റോക്‌സിനെ റണ്ണൗട്ടാക്കാനുള്ള ഗുപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന് കിട്ടിയത് ആറ് റണ്‍സ്. രണ്ട് റണ്‍സ് ഓടിയ വകയിലും നാല് റണ്‍സ് ബൗണ്ടറിയില്‍ നിന്നും.
ഇത് കളിയുടെ ഗതിമാറ്റുകയും കിവീസിന്റെ ജയപ്രതീക്ഷ തട്ടിയകറ്റുകയും ചെയ്തു. ഒടുവില്‍ മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവര്‍ സമനിലയിലേക്കും ലോര്‍ഡ്‌സിലെ ഭാഗ്യത്തണലില്‍ ഇംഗ്ലണ്ടിന്റെ ജയത്തിലേക്കും എത്തിച്ചു.
എന്നാല്‍, ആറ് റണ്‍സ് അനുവദിച്ചത് വലിയ പിഴവാണ് എന്നാണ് ടോഫലിന്റെ വാദം. ഓവര്‍ ത്രോ നിയമപ്രകാരം ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്ന് അദ്ദേഹം പറയുന്നു. ഓവര്‍ ത്രോയുമായി ബന്ധപ്പെട്ട കളിനിയമത്തിലെ 19.8 വകുപ്പ് പ്രകാരം ഓവര്‍ത്രോയിലൂടെയുള്ള ബൗണ്ടറി, ബാറ്റ്‌സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍, ത്രോ എറിയുമ്പോള്‍ ഇരു ബാറ്റ്‌സ്മാന്‍മാരും പരസ്പരം ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ പുരോഗതിയിലുള്ള റണ്‍സ് എന്നിവയാണ് ലഭിക്കുക.
എന്നാല്‍, ഗുപ്റ്റില്‍ ത്രോ എറിയുമ്പോള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ അഞ്ച് റണ്‍സ് അനുവദിക്കാനേ നിയമമുള്ളൂ എന്നും ടോഫല്‍ വ്യക്തമാക്കി. അഞ്ച് തവണ ഐസിസി അമ്പയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള ടോഫല്‍ ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് മാത്രമാണ് കൊടുക്കേണ്ടിയിരുന്നത് എന്ന് മാത്രമല്ല, നിയമപ്രകാരം അവസാനത്തേതിന് മുമ്പുള്ള പന്തില്‍ ക്രീസില്‍ വേണ്ടിയിരുന്നത് സ്റ്റോക്‌സിന് പകരം ആദില്‍ റാഷിദായിരുന്നു എന്നും ടോഫല്‍ ചൂണ്ടിക്കാട്ടി. ഇതു പ്രകാരം അവസാന രണ്ട് ബോളില്‍ ഇംഗ്ലണ്ടിന് രണ്ട് ബോളില്‍ നാല് റണ്‍സ് എടുക്കേണ്ടി വരികയും ബാറ്റിങില്‍ പരിജയ സമ്പത്തില്ലാത്ത ആദില്‍ റാഷിദ് ബോള്‍ട്ടിന്റെ ബോള്‍ ഫേസ് ചെയ്യേണ്ടി വരികയും ചെയ്യുമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇംഗ്ലണ്ടിന് പകരം ന്യൂസിലന്റ് കപ്പും കൊണ്ട് പോവുകയും ചെയ്യുമായിരുന്നു.