രാജ്യാതിര്‍ത്തികള്‍ തന്നെ മായ്ച്ചുകളയുന്ന മേഖലയാണ് കായികരംഗം; പ്രത്യേകിച്ച് രാജ്യാന്തര മല്‍സര വേദികള്‍. കടുത്ത പോരാട്ടങ്ങള്‍ കാഴ്ചവയ്ക്കുമ്പോഴും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നാമ്പുകള്‍ തളിര്‍ക്കുന്ന ഇടമാണ് കളിക്കളം. അത്യപൂര്‍വമായേ അപവാദങ്ങള്‍ ഉണ്ടായിട്ടുള്ളൂ. അതുതന്നെയുംവ്യക്തിപരമായ പ്രകോപനത്തിന്റെ ഫലമായിട്ടാണു താനും. 2006ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ സൈനുദീന്‍ സിദാന്‍ ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവമാണ് അതിലൊന്ന്. സഹോദരിയെക്കുറിച്ച് മോശമായി പറഞ്ഞതിനാണ് സിദാന്‍ അങ്ങനെ പ്രതികരിച്ചതെന്ന് മറ്റരാസി തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തുകയുണ്ടായി.
കായിക ലോകത്തെ വംശീയത ഗ്രസിച്ച മറ്റൊരു സന്ദര്‍ഭം 2022ലെ ഖത്തര്‍ ലോകകപ്പായിരുന്നു. അറബ് രാജ്യത്ത് ആദ്യമായി നടന്ന ഫിഫാ വേള്‍ഡ് കപ്പ് മല്‍സരമായിരുന്നു അത്.ഇസ്‌ലാമിക സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമെന്ന നിലയില്‍ കളിജ്വരത്തിനിടയിലും കാര്യങ്ങള്‍ കൈവിട്ടുപോവാതിരിക്കാന്‍ ഖത്തര്‍ ചില നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവച്ചത് പല പാശ്ചാത്യ രാജ്യങ്ങള്‍ക്കും രസിച്ചില്ല. നമ്മുടെ രാജ്യത്തും അത്തരം അതിരുവിട്ട വിമര്‍ശനങ്ങളും പരിഹാസങ്ങളും പല കോണുകളില്‍നിന്നും ഉണ്ടായി. കളിയില്‍ മതം കലര്‍ത്തുന്നു എന്നായിരുന്നു ആക്ഷേപം. ധാര്‍മിക പുഴുക്കുത്തുകള്‍ ആധിപത്യം പുലര്‍ത്തുന്ന ലിബറല്‍ വാദങ്ങളുടെയും അത്യന്താധുനികതയുടെയും മറപിടിച്ചായിരുന്നു അതെല്ലാം. പക്ഷേ, എല്ലാവരുടെയും വായടപ്പിച്ച് ഖത്തര്‍ ലോകകപ്പ് അവിസ്മരണീയമായ അന്താരാഷ്ട്ര മല്‍സരമായി ചരിത്രത്തില്‍ ഇടംപിടിച്ചു.
ആഗോള തലത്തില്‍ ഫുട്‌ബോളിന്റെ അത്ര തന്നെ ജനപ്രിയമല്ലെങ്കിലും ഏറെ കാഴ്ചക്കാരുള്ള ഒന്നാണ് ക്രിക്കറ്റും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നമ്മുടെ അയല്‍ രാജ്യങ്ങളും മികവ് പുലര്‍ത്തുന്ന കളി. പക്ഷേ, ശ്രീലങ്കയുമായോ ബംഗ്ലാദേശുമായോ ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാവുന്നതില്‍നിന്ന് വ്യത്യസ്തമായ മനോഭാവമാണ് പാകിസ്താന്‍-ഇന്ത്യ ക്രിക്കറ്റ് മല്‍സര വേളകളില്‍ പ്രകടമാവാറുള്ളത്. കളിപ്രേമത്തിനും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനുമപ്പുറം ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം നടക്കുന്നതു പോലുള്ള ഭ്രാന്തമായ വിദ്വേഷാന്തരീക്ഷമായിരിക്കും അപ്പോള്‍. 'നിത്യ ശത്രു'വായ പാകിസ്താനാണ് എതിരാളിയെന്ന തൊടുന്യായമാവാം ഇത്തരം സന്ദര്‍ഭങ്ങളില്‍ 'രാജ്യസ്‌നേഹം' തലയ്ക്കു പിടിച്ചവരെ പലപ്പോഴും ഉന്മാദത്തിന്റെ കൊടുമുടി കയറ്റുന്നത്.
എന്നാല്‍, ഇപ്പോള്‍ ആ സ്ഥിതിയും കടന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് മുഹമ്മദ് ഷമിമാരും സിറാജുമാരും ആയാല്‍അസഹിഷ്ണുതയുടെയും വംശവെറിയുടെയും അങ്കക്കലി പൂണ്ട അധമജന്മങ്ങളെയാണ് ചുറ്റും കാണാനാവുന്നത്. കളിമികവിനും പ്രഫഷനലിസത്തിനും പകരം വംശീയതയ്ക്കും സങ്കുചിത ദേശീയതയ്ക്കും മാത്രം പരിഗണന നല്‍കുന്നിടത്തേക്ക് കളി കാര്യമായി തീര്‍ന്നിരിക്കുകയാണ്. ആസ്‌ട്രേലിയയോട് തോറ്റാലും വേണ്ടില്ല, ഷമിയും സിറാജുമൊക്കെ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു എന്ന തരത്തിലുള്ള 'ദേശസ്‌നേഹ' പോസ്റ്റുകള്‍ വരെ ഫേസ്ബുക്കില്‍ പറന്നു നടക്കുന്നു. കളിയില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. പരാജയം വിനയപൂര്‍വം അംഗീകരിക്കുകയെന്നതാണ് മാന്യതയും മര്യാദയും. ടീം മാത്രമല്ല രാജ്യവും കളിപ്രേമികളും അതു പുലര്‍ത്തണം. എന്നാല്‍ കപ്പ് നേടിയ ആസ്‌ട്രേലിയയുടെ പ്ലെയര്‍ ഓഫ് ദ മാച്ചായ ആസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ ഭാര്യയെയും ഒരു വയസ്സായ മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള ഭ്രാന്തന്‍ ട്രോളുകള്‍ പോലും പ്രചരിക്കുന്നത്രാജ്യത്തിന്റെ സാംസ്‌കാരിക ജീര്‍ണതയും ധാര്‍മികാപചയവും ലോകത്തിനു മുമ്പില്‍ വിളംബരം ചെയ്യുകയാണ്. കളിയില്‍ ഈ വിദ്വേഷ വിളവെടുപ്പ് അത്യന്തം അപകടകരമാണ്.