മോദിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു; തമിഴ് വാരികയുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചര്‍ച്ച നടത്തുന്നതിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് തമിഴ് വാരികയായ വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു. ബിജെപി തമിഴ്‌നാട് ഘടകം നല്‍കിയ പരാതിയിലാണ് മിന്നല്‍ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഡോണള്‍ഡ് ട്രംപിനൊപ്പം ഇരിക്കുന്ന മോദിയുടെ കൈകളില്‍ വിലങ്ങുള്ളതായി കാര്‍ട്ടൂണിലുണ്ടായിരുന്നു. വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ ചൂണ്ടിക്കാട്ടി. വികടന്‍ മാനേജ്‌മെന്റും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ ഒന്നും ഇറക്കിയിട്ടില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ അധികമായി അഭിപ്രായ സ്വാതന്ത്ര്യത്തിനായി വികടന്‍ നിലകൊളളുകയാണെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. ഇത് ഇനിയും തുടരുമെന്നും കമ്പനി പ്രഖ്യാപിച്ചു.
കാര്‍ട്ടൂണില്‍ നടപടി ആവശ്യപ്പെട്ട ബിജെപി നേതാവ് അമര്‍പ്രസാദ് റെഡ്ഡിയുടെ പോസ്റ്റ്
This is a serious insult to our nation, @vikatan.
— Amar Prasad Reddy (@amarprasadreddy) February 15, 2025
Prime Minister @narendramodi represents 1.4 billion Indians, and it's unacceptable for you to act this way, @vikatan. pic.twitter.com/Mt3sI0tTEO
വികടന്‍ വെബ്‌സൈറ്റ് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തമിഴ്‌നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അപലപിച്ചു. ഇത് ബിജെപിയുടെ ഫാഷിസ്റ്റ് സ്വഭാവത്തിന്റെ ഉദാഹരണമാണ്. അഭിപ്രായ പ്രകടനം നടത്തിയതിന് മാധ്യമങ്ങള്‍ അടച്ചുപൂട്ടുന്നത് ജനാധിപത്യവിരുദ്ധമാണ്. വെബ്‌സൈറ്റിന്റെ ബ്ലോക്ക് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.