ബലാത്സംഗക്കേസ്: നിര്‍മാതാവ് വിജയ് ബാബു ഒളിവില്‍; തിരച്ചില്‍ ശക്തമാക്കി പോലിസ്
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പോലിസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പോലിസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലിസ് സംഘം ഗോവയില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കൊച്ചി: തന്നെ ബലാല്‍സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിപ്രകാരം കേസെടുത്തതിനു പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍ പോയതായി പോലിസ് നിഗമനം. വിജയ് ബാബുവിനെ ഇതുവരെ പോലിസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പോലിസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പോലിസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലിസ് സംഘം ഗോവയില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
പിന്നീട് പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്താലാണ് പോലിസിന്റെ അന്വേഷണം നടക്കുന്നത്. അതിനിടെ ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലൂടെയെത്തി തനിക്കെതിരായ ആരോപണങ്ങള്‍ വിജയ്ബാബു നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ലൈവ്. താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ കേസ് ഭയക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു അതിനുള്ള കേസ് നേരിടാന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പരാതിക്കാരിക്കും കുടുംബത്തിനുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും യഥാര്‍ഥ ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്.