സജീവന്റെ കസ്റ്റഡി കൊലപാതകം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്, പോലിസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

അസ്വഭാവിക മരണതിന് വടകര പോലിസ് എടുത്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സസ്‌പെന്‍ഷനിലായ വടകര എസ്‌ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സജീവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Update: 2022-07-23 01:08 GMT
കോഴിക്കോട്: വടകരയില്‍ പോലിസ് മര്‍ദനമേറ്റ് മരിച്ച സജീവന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലിസ് എടുത്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

സസ്‌പെന്‍ഷനിലായ വടകര എസ്‌ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സജീവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇക്കാര്യം പോലിസ് അന്വേഷിക്കും.അച്ചടക്ക നടപടി നേരിടുന്ന വടകര എസ്‌ഐ, എഎസ്‌ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ സജീവന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്‌കരിച്ചു. വടകര കല്ലേരിയിലെ വീട്ടില്‍ നടന്ന പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പോലിസെത്തി. സജീവന്‍ സഞ്ചരിച്ച കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റതിനു പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പോലിസുകാര്‍ ഇക്കാര്യം അവഗണിച്ചു.45 മിനിട്ടിനു സ്‌റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ പോലിസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ പോലിസുകാരുടെ സഹായം തേടിയെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ആംബുലന്‍സ് എത്തിച്ചാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 42കാരനായ സജീവന്‍ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്‍ന്നാണ് എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പോലിസ് ഓഫിസര്‍ ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്.


Tags:    

Similar News