നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; സിപിഒ സജീവ് ആന്‍റണിയെ റിമാന്‍ഡ് ചെയ്തു

സിസിടിവി ദൃശ്യങ്ങളും മറ്റു പോലിസുകാരുടെ മൊഴികളും ഇരുവർക്കുമെതിരെയുള്ള തെളിവുകളായി.12 മുതൽ 16 വരെ രാജ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. ആദ്യ രണ്ട് ദിവസങ്ങളിലായിരുന്നു ക്രൂര പീഡനം.

Update: 2019-07-04 01:14 GMT

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ അറസ്റ്റിലായ സിവില്‍ പോലിസ് ഓഫീസര്‍ സജീവ് ആന്‍റണിയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് പീരുമേട് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. സുരക്ഷാ കാരണങ്ങളാൽ പ്രതിയെ ദേവികുളം സബ് ജയിലിലാണ് പാര്‍പ്പിക്കുക. അതേസമയം സജീവ് ആന്‍റണിയുടെ ജാമ്യാപേക്ഷ നാളെ പീരുമേട് കോടതി പരിഗണിക്കും. 

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച നെടുങ്കണ്ടം എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ സജീവ് ആന്‍റണി എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുകയാണെന്ന് അറിഞ്ഞതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എസ്ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് നെടുങ്കണ്ടം മുൻ എസ് ഐ കെഎ സാബു സിവിൽ പോലിസ് ഓഫിസർ സജീവ് ആന്റണി എന്നിവരെ അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ അനധികൃത കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റു പോലിസുകാരുടെ മൊഴികളും ഇരുവർക്കുമെതിരെയുള്ള തെളിവുകളായി.12 മുതൽ 16 വരെ രാജ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. ആദ്യ രണ്ട് ദിവസങ്ങളിലായിരുന്നു ക്രൂര പീഡനം.

രാജ്കുമാറിന്‍റെ മരണം കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ കൊലപാതകമാണെന്ന് വ്യക്തമാണെന്നും കൊലയിലേക്ക് നയിച്ച മർദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിവിൽ പോലിസ് ഓഫീസർ സജീവ് ആന്‍റണിയുമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും, എസ്ഐയും സംഘവും കോടതിയില്‍ ഹാജരാക്കിയില്ല. നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി കൊലപാതകത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 

Tags:    

Similar News