മസ്ജിദുകളില്‍ പന്നിയിറച്ചിയും കീറിയ ഖുര്‍ആന്റെ പേജുകളും വലിച്ചെറിഞ്ഞ് കലാപത്തിന് ശ്രമം: അയോധ്യയില്‍ ഏഴു ഹിന്ദുത്വര്‍ അറസ്റ്റില്‍
അറസ്റ്റിലായവര്‍ 'ഹിന്ദു യോദ്ധ സംഗതന്‍' എന്ന സംഘടനയില്‍പ്പെട്ടവരാണെന്നും നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സംഘത്തലവനെന്നും പോലിസ് അറിയിച്ചു.
അയോധ്യ: വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ ചില മസ്ജിദുകളില്‍ പന്നിയിറച്ചിയും മുസ്‌ലിംകളെ അധിക്ഷേപിച്ച് കൊണ്ടുള്ള എഴുത്തുകളും കീറിയ ഖുര്‍ആന്റെ പേജുകളും വലിച്ചെറിഞ്ഞ സംഭവത്തില്‍ ഏഴു സംഘരിവാര്‍ അനുകൂലികളെ യുപി പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ 'ഹിന്ദു യോദ്ധ സംഗതന്‍' എന്ന സംഘടനയില്‍പ്പെട്ടവരാണെന്നും നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സംഘത്തലവനെന്നും പോലിസ് അറിയിച്ചു.
താത്ഷാ ജുമാമസ്ജിദ്, ഘോസിയാന പള്ളി, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മഖ്ബറ എന്നിവിടങ്ങളില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അയോധ്യയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനും കലാപം ആളിക്കത്തിക്കാനുമുള്ള ശ്രമമായിരുന്നു ഇതെന്നും പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ച അര്‍ധരാത്രി, പ്രതികള്‍ പന്നിയിറച്ചി കഷണങ്ങളും ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എഴുത്തുകളും വിശുദ്ധ ഗ്രന്ഥത്തിന്റെ കീറിയ പേജുകളും പള്ളികള്‍ക്കും മസാറിനും നേരെ എറിയുകയായിരുന്നു.
മഹേഷ് കുമാര്‍ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ഗുഞ്ചന്‍ എന്ന ദീപക് കുമാര്‍ ഗൗര്‍, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്‌നന്‍ പ്രജാപതി, വിമല്‍ പാണ്ഡെ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. എല്ലാവരും അയോധ്യ ജില്ലയിലെ നിവാസികളാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.