എം കെ രാഘവനെതിരായ കോഴ വിവാദം: ചാനല്‍ സംഘത്തിന്റെ മൊഴി നാളെ രേഖപ്പെടുത്തും
ഡല്‍ഹിയില്‍ വച്ചാണ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കുന്നത്.
കോഴിക്കോട്: സിറ്റിങ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരായ കോഴ വിവാദത്തില്‍ സംഭവം പുറത്തുവിട്ട ചാനല്‍സംഘത്തിന്റെ മൊഴി നാളെ രേഖപ്പെടുത്തും. ഡല്‍ഹിയില്‍ വച്ചാണ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഘവനെതിരേ കേസെടുത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണെന്ന് എം കെ രാഘവന്‍ പ്രതികരിച്ചു. പരാജയഭീതിയെതുടര്‍ന്ന് സിപിഎം തരംതാണ രാഷ്ട്രീയ കളിക്ക് കൂട്ടുനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് വേളയില്‍ കള്ളക്കേസെടുത്ത് തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു.
ഒരു സിംഗപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘത്തോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് സ്റ്റിങ് ഓപറേഷനിലൂടെ ടിവി 9 പുറത്തുവിട്ടത്. ഡല്‍ഹിയിലെ സെക്രട്ടറിയുടെ പക്കല്‍ അഞ്ചു കോടി രൂപ എല്‍പ്പിക്കണമെന്നാണ് രാഘവന്‍ ആവശ്യപ്പെട്ടത്. അഞ്ച് കോടി പണമായി നല്‍കിയാല്‍ മതിയെന്നും രാഘവന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 കോടി രൂപയ്ക്കു മുകളില്‍ ചെലവായെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് മദ്യം ഉള്‍പ്പെടെ നല്‍കുന്നതിന് വളരെ ചെലവുണ്ടെന്നും എം കെ രാഘവന്‍ വീഡിയോയില്‍ പറയുന്നുണ്ട്.