ഒളികാമറാ വിവാദം: എം കെ രാഘവനെതിരേ കേസെടുത്തേക്കും; തീരുമാനം നാളെ

ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് റിപോര്‍ട്ടിലുള്ളതെന്നാണു സൂചന

Update: 2019-04-19 14:47 GMT

കോഴിക്കോട്: ഹിന്ദി ചാനല്‍ പുറത്തുവിട്ട ഒളികാമറാ വിവാദത്തില്‍ യുഡിഎഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരേ കേസെടുത്തേക്കും. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു റിപോര്‍ട്ട് നല്‍കി. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് റിപോര്‍ട്ടിലുള്ളതെന്നാണു സൂചന. ഇതുസംബന്ധിച്ച് ഡിജിപി അഡ്വക്കറ്റ് ജനറലിനോട് നിമോപദേശം തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പോലിസ് ഒളികാമറ ദൃശ്യങ്ങളുടെ ആധികാരിക പരിശോധിച്ചത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ഇടനിലക്കാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ടിവി 9 എന്ന ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. കമ്മീഷനായി അഞ്ചുകോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇടനിലക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

    തുക തന്റെ ഡല്‍ഹിയിലെ ഓഫിസ് സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നും പണമായി മതിയെന്നും രാഘവന്‍ പറയുന്നുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് 20 കോടി ചെലവായെന്നു പ്രവര്‍ത്തകര്‍ക്ക് മദ്യം ഉള്‍പ്പെടെ നല്‍കാന്‍ നല്ല ചെലവുണ്ടെന്നും രാഘവന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ടിവി 9 ചാനലിന്റെ ലേഖകരായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവരാണ് കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളെന്ന വ്യാജേന രാഘവനെ സമീപിച്ചത്. എന്നാല്‍, ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു എം കെ രാഘവന്റെയും കോണ്‍ഗ്രസിന്റെയും വാദം. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനും പരാതി നല്‍കിയിരുന്നത്. മാത്രമല്ല, സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവനും പരാതി നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ എം കെ രാഘവനെതിരേ കേസെടുക്കുകയാണെങ്കില്‍ അത് കോഴിക്കോട് മണ്ഡലം പ്രചാരണത്തില്‍ വന്‍ ചര്‍ച്ചയാവുമെന്നുറപ്പ്.



Tags:    

Similar News