മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് 138 അടി ആയില്ല

സെക്കന്റില്‍ 2974 ഘനയടി വെള്ളം സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്

Update: 2021-10-30 20:38 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാവാനുള്ള നടപടികളുമായി തമിഴ്‌നാട്. സ്പില്‍വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിന് ഇതുവരേ സാധിച്ചിട്ടില്ല. സെക്കന്റില്‍ 2974 ഘനയടി വെള്ളം സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. 2340 ഘനയടി വീതം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാന്‍ കഴിയുന്നത് 138 അടിയാണ്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ട്.സ്പില്‍വേ വഴി കടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയില്‍ ക്യാംപ് ചെയ്താണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. അതേസമയം മുല്ലപ്പെരിയാറില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി ഇന്നലെ വൈകിട്ടോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നെണ്ണം കൂടി തുറന്നത്. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് കളയുകയാണ്. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയായിട്ടുണ്ട്.

അണക്കെട്ടില്‍ ഇന്നലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News