ഭീഷണിക്കത്ത്: കത്തിന്റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറി; പോലിസ് മൊഴി രേഖപ്പെടുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.ഭീഷണിപ്പെടുത്തി തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും പിന്മാറ്റിക്കാന്‍ പറ്റിക്കില്ല. നിര്‍ഭയമായ പൊതുപ്രവര്‍ത്തനവുമായി താന്‍ മുന്നോട്ടു പോകും
കൊച്ചി: തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തിന്റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും കത്തുമായി ബന്ധപ്പെട്ട് പോലിസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കെപിസിസി പ്രസിഡന്റ്,പ്രതിപക്ഷ നേതാവ്,ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് തന്റെ കവറിങ് ലെറ്റര്‍ കൂടി വെച്ചുകൊണ്ട് കത്തിന്റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.ഭീഷണിപ്പെടുത്തി തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും പിന്മാറ്റിക്കാന്‍ പറ്റിക്കില്ല. നിര്‍ഭയമായ പൊതുപ്രവര്‍ത്തനവുമായി താന്‍ മുന്നോട്ടു പോകും.കത്തില്‍ പറഞ്ഞിരിക്കുന്നത് തന്നെയും കുടുംബത്തെയും വകവരുത്തിയതിനു ശേഷം ജെയിലിലേക്ക് തന്നെ പോകുമെന്നാണ്. അതിനര്‍ഥം ജയിലില്‍ നിന്നിറങ്ങിയ ആളുകള്‍ തന്നെയാണ് ഈ കത്തിനു പിന്നിലെന്നാണ്.
അങ്ങനെ ജെയിലില്‍ നിന്നും ഇറങ്ങിയിട്ടുള്ള ചില ആളുകളെ എല്ലാവര്‍ക്കും അറിയാം.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നവരും പരോളിലിറങ്ങിയവരും ആരൊക്കെയന്നതിന്റെ പട്ടിക സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.കത്തിന്റെ ഉറവിടം പോലിസ് കണ്ടെത്തട്ടെ. സമര്‍ഥരായ പോലിസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.