രഥയാത്രയുടെ പേരില്‍ കലാപത്തിന് അനുവദിക്കില്ല: ബിജെപിക്ക് മമതയുടെ താക്കീത്

. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കഴീല്‍ അണിനിരത്തി കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Update: 2019-01-19 15:01 GMT

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരേ നിശിതവിമര്‍ശനമഴിച്ചുവിട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കലാവധി കഴിഞ്ഞ മരുന്നു പോലെ മോദി സര്‍ക്കാരും ഉടന്‍ കാലഹരണപ്പെടുമെന്ന് മമത വ്യക്തമാക്കി. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കഴീല്‍ അണിനിരത്തി കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.


മോദി സര്‍ക്കാരിന്റെ കാലാവധി ദിവസങ്ങള്‍ക്കകം അവസാനിക്കും. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്. തങ്ങള്‍ അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും റാലിയെ അഭിസംബോധന ചെയ്തു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.രഥയാത്ര എന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് അനുമതി നല്‍കില്ലെന്നും ബംഗാളില്‍ അഴിഞ്ഞാടാന്‍ ബിജെപിയെ സമ്മതിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കും. മോദി സര്‍ക്കാറിന്റെ കീഴില്‍ ഒരു അച്ഛേദിന്‍ പോലും പിറന്നിട്ടില്ല. ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്ന് ഈ സര്‍ക്കാരിനെ പുറംന്തള്ളിയെന്നും മമത പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നോക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതികാര ബുദ്ധിയോടെയാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടുന്നത്. ഇതിനെതിരെ എല്ലാവരും ഒരുമിച്ച് വരേണ്ടതുണ്ട്. കൂട്ടമായ നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. ആരാണ് നിങ്ങളുടെ നേതാവെന്നാണ് മോദി ചോദിക്കുന്നത്. ഞങ്ങള്‍ ഒരുപാട് നേതാക്കളുണ്ട്. ഞങ്ങളുടെ സഖ്യത്തില്‍ എല്ലാവരും നേതാക്കളും സംഘാടകരുമാണെന്നും മമത വ്യക്തമാക്കി.  യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി നടത്തിയ റാലിയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്.



മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി, മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, അഖിലേഷ് യാദവ്, ഗെഗോങ് അപാങ് ഉള്‍പ്പെടെയുള്ള യോഗത്തെ അഭിസംബോധന ചെയ്തു.

Tags:    

Similar News