ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു
കൊല്‍ക്കത്ത: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ ജുഡീഷ്യറി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ നല്‍കിയ ഹരജി കല്‍ക്കട്ട ഹൈക്കോടതി വ്യാഴാഴ്ച ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ച് ഹരജി അംഗീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് പ്രത്യേക ബെഞ്ച് തീരുമാനിക്കും വ്യക്തമാക്കി. ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് തലവന്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസാണ് വിഷയം ഏത് ബെഞ്ച് പരിഗണിക്കേണ്ടതെന്ന് തീരുമാനിക്കുക. 2016ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (ഡബ്ല്യുബിഎസ്എസ്‌സി) നടത്തിയ അധ്യാപക-അനധ്യാപക തസ്തികകളിലെ 25,753 നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി തിങ്കളാഴ്ച റദ്ദാക്കിയതിന് പിന്നാലെയാണ് ജുഡീഷ്യറിയിലെ ഒരു വിഭാഗത്തിനെതിരേ മുഖ്യമന്ത്രിയുടെ പരാമര്‍ശം.