അമിത് ഷായുടെ റാലിക്കിടെ പരക്കെ അക്രമം; വാഹനങ്ങള്‍ക്ക് തീയിട്ടു

താന്‍ ദൈവമാണെന്നും ഒരു പ്രതിഷേധം പോലും പാടില്ലെന്നുമാണോ അമിത് ഷാ കരുതുന്നതെന്നും മമതാ ബാനര്‍ജി ചോദിച്ചു

Update: 2019-05-15 02:17 GMT

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക അക്രമം. റാലിക്കു നേരെ കല്‍ക്കട്ട സര്‍വകലാശാല കാംപസില്‍ നിന്ന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും കാപസിലെ വിദ്യാര്‍ഥികളെ ആക്രമിക്കുകയും സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഈശ്വര്‍ വിദ്യാസാഗറുടെ പ്രതിമ തകര്‍ക്കുകയും ചെയ്തു. അക്രമികളെ തുരത്താന്‍ പോലിസ് ലാത്തിവീശുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ അമിത് ഷായും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും തമ്മില്‍ വാക് പോര് ശക്തമായി. മമത സര്‍ക്കാരിനെ പുറത്താക്കാന്‍ ആഹ്വാനം ചെയ്ത അമിത് ഷായ്ക്ക് മറുപടിയായി, ഗുജറാത്തില്‍ നിന്നുള്ള ബിജെപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മമത തിരിച്ചടിച്ചു.

    കൊല്‍ക്കത്ത നഗരത്തില്‍നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് റാലി സംഘടിപ്പിച്ചിരുന്നത്. റാലി കല്‍ക്കട്ട സര്‍വകലാശാല കാംപസിനു സമീപമെത്തിയപ്പോള്‍ വിദ്യാസാഗര്‍ കോളജില്‍ നിന്ന് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഗോബാക്ക് വിളിച്ചെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കാംപസില്‍ കയറി അക്രമം കാട്ടിയത്. വടിയും മറ്റുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായതോടെ പോലിസ് സര്‍വകലാശാലയുടെ ഗേറ്റടച്ചു. ഇതോടെ കോംപൗണ്ടിലും പുറത്തുമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. താന്‍ ദൈവമാണെന്നും ഒരു പ്രതിഷേധം പോലും പാടില്ലെന്നുമാണോ അമിത് ഷാ കരുതുന്നതെന്നും മമതാ ബാനര്‍ജി ചോദിച്ചു. പുറത്തു നിന്നെത്തിയ ബിജെപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും ബംഗാളിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അറിയാത്തവരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തതെന്നും ഇതിനു ബംഗാള്‍ മാപ്പ് നല്‍കില്ലെന്നും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രെയിന്‍ ട്വിറ്ററില്‍ കുറിച്ചു. മമത ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് സമയം 30 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയുടെ രഥയാത്രകള്‍ക്കും അമിത്ഷായ്ക്കു ഹെലികോപ്റ്ററില്‍ ഇറങ്ങാനും മമത അനുമതി നിഷേധിച്ചതു മുതല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ബംഗാളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.



Tags:    

Similar News