സൈബര്‍ സുരക്ഷ, എഐ, ക്രിമിനല്‍ നിയമം നടപ്പാക്കല്‍; സാങ്കേതിക നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡിജിപിമാരുടെ യോഗത്തില്‍ അമിത് ഷായുടെ നിര്‍ദേശം
പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത, ഭാരതീയ സുരക്ഷാ ബില്‍ എന്നീ മൂന്ന് നിയമങ്ങള്‍ കഴിഞ്ഞ മാസം റിപ്പബ്ലിക് ദിനത്തോടെ വിജ്ഞാപനം ചെയ്യുകയും വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളം പൂര്‍ണമായി നടപ്പാക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 2023ല്‍ രാജ്യം അമൃത് കലില്‍ പ്രവേശിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം(എന്‍ഇപി), പുതിയ ക്രിമിനല്‍ നയം എന്നിവയെ കുറിച്ചും ഊന്നിപ്പറഞ്ഞു. പുതിയ നിയമങ്ങള്‍ ശിക്ഷയ്ക്ക് പകരം നീതി ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായി മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.
വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ഡാറ്റാബേസുകള്‍ ബന്ധിപ്പിക്കേണ്ടതിന്റെയും എഐ അടിസ്ഥാനമാക്കിയുള്ള വിശകലന സമീപനം സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയും ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ(ഐബി) വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഡിജിപി/ഐജിപിമാരുടെ സമ്മേളനം കഴിഞ്ഞ ഒമ്പതര വര്‍ഷമായി മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ നയത്തിന് ഉത്തേജകമായി മാറിയിട്ടുണ്ട്. 2014 മുതല്‍ പ്രധാനമന്ത്രി മോദി തന്നെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പുതിയ സുരക്ഷാ തന്ത്രങ്ങള്‍ രൂപപ്പെടുത്താനും തീരുമാനമെടുക്കാനും വര്‍ഷങ്ങളായി ഈ സമ്മേളനം ഒരു 'തിങ്ക്ടാങ്ക്' ആയി പ്രവര്‍ത്തിക്കുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. 2014 മുതല്‍ രാജ്യത്തെ സുരക്ഷാ സാഹചര്യത്തില്‍ മൊത്തത്തില്‍ പുരോഗതിയുണ്ടായെന്ന് അമിത് ഷാ പറഞ്ഞു. പ്രത്യേകിച്ച് ജമ്മു കാശ്മീര്‍, വടക്ക്കിഴക്കന്‍, ഇടതു തീവ്രവാദം ഉള്ള സ്ഥലങ്ങളിലെ സംഘര്‍ഷം കുറയ്ക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. അനധികൃതമായി താമസിക്കുന്ന വിദേശികളായ ചൈനീസ്, റോഹിങ്ക്യകള്‍, ഇറാനികള്‍, അഫ്ഗാനികള്‍ തുടങ്ങിയവരുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുപുറമെ, വിദേശികളെ അധികമായി താമസിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശികള്‍ക്ക് പിന്തുണ നല്‍കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ തിരിച്ചറിയാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ ഇന്ത്യന്‍ ഐഡന്റിറ്റി കാര്‍ഡ് നേടിയിട്ടുണ്ടെങ്കില്‍ വോട്ടര്‍ പട്ടിക അവലോകനം ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത വിദേശ രജിസ്‌ട്രേഷന്‍ ഫോമായ സിഫോമുകള്‍ ഹോട്ടലുകള്‍ പതിവായി പൂരിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡിജിപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡലുകളും മികച്ച മൂന്ന് പോലിസ് സ്‌റ്റേഷനുകള്‍ക്കുള്ള ട്രോഫികളും അമിത്ഷാ വിതരണം ചെയ്തു.