ഹിജാബ് നിരോധനം സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രത്യക്ഷമായി സഹായിക്കുന്ന വിധി:അഡ്വ. കെ നന്ദിനി
കട്ടില്‍ നിര്‍മിച്ച ശേഷം അതില്‍ കിടക്കേണ്ട മനുഷ്യനെ വെട്ടിച്ചുരുക്കുന്നതിനു തുല്യമാണ് കോടതി വിധി. സര്‍ക്കാര്‍ ഉത്തരവിനെ പോലും കടന്ന് ഫാഷിസ്റ്റ് ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിമാറി കോടതി വിധി
കൊച്ചി: ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രത്യക്ഷത്തില്‍ സഹായിക്കുന്നതാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ കെ നന്ദിനി. ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം എന്ന പ്രമേയത്തില്‍ എറണാകുളം വഞ്ചിസ്‌ക്വയറില്‍ നടന്ന വനിതാ സാംസ്‌കാരികസാമൂഹിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കട്ടില്‍ നിര്‍മിച്ച ശേഷം അതില്‍ കിടക്കേണ്ട മനുഷ്യനെ വെട്ടിച്ചുരുക്കുന്നതിനു തുല്യമാണ് കോടതി വിധി. സര്‍ക്കാര്‍ ഉത്തരവിനെ പോലും കടന്ന് ഫാഷിസ്റ്റ് ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിമാറി കോടതി വിധി. ന്യായാധിപന്മാരുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും അസഹിഷ്ണുതയും വിധികളില്‍ പ്രകടമാകുന്നത് അപകടകരമാണ്. ഹിജാബ് ഫാഷിസ്റ്റ് വിരുദ്ധ അടയാളമായി മാറിയിരിക്കുന്നു. ബ്രാഹ്മിണിസ്റ്റ് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കണം. സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഹിജാബ് ഐക്യദാര്‍ഢ്യ ഒത്തുചേരലുകളെന്നും നന്ദിനി പറഞ്ഞു.
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിച്ചാണ് അവര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. കവയിത്രിയും സാമഹിക പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സംഘപരിവാറിന്റെ ലക്ഷ്മണ രേഖ മുറിച്ചുകടക്കാനുള്ള ആര്‍ജ്ജവം കോടതികള്‍ കാണിക്കണമെന്ന് അമ്പിളി ഓമനക്കുട്ടന്‍ പറഞ്ഞു.
അഡ്വ. സിമി എം ജേക്കബ്, പെമ്പിളൈ ഒരുമ സമര നായിക ജി ഗോമതി, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് ജസീല പി എം, ജ്വാല കണ്‍വീനര്‍ ലൈല റഷീദ്, മനുഷ്യാവകാശ പ്രവര്‍ത്തക ബല്‍ക്കീസ് ബാനു, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഐഷ ഹാദി, ഹൈക്കോടതി അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ. സാജിത, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംഘാടക സമിതിയംഗം ഡോ. ഫൗസീന തക്ബീര്‍ സംസാരിച്ചു.