ബാബരി ഖനനത്തിനിടെ ലഭിച്ച എല്ലുകള്‍ എന്തിന് അവര്‍ നശിപ്പിച്ചു ?
മുമ്പ് അവിടെ ക്ഷേത്രം ഇല്ലായിരുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പാകം ചെയ്ത ഈ എല്ലിന്‍ കഷ്ണങ്ങള്‍. ബ്രാഹ്മണന്‍മാര്‍ ക്ഷേത്രത്തില്‍ ഇരുന്ന് ബീഫ് കഴിക്കുകയായിരുന്നോ?
ലഖ്‌നോ: 2003ല്‍ ബാബരി മസ്ജിദ് ഭൂമിയിലെ ഖനനത്തിനിടെ ലഭിച്ച എല്ലുകള്‍ എന്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(പുരാവസ്തു വകുപ്പ്) അധിക്യതര്‍ നശിപ്പിച്ചുവെന്ന ചോദ്യമാണ് പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് സര്‍വേയില്‍ നിരീക്ഷകനായ സയ്യിദ് അലി നദീം റിസ്‌വി ആവര്‍ത്തിക്കുന്നത്. അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വേ സംഘത്തോടൊപ്പം, നിരീക്ഷകനായാണ് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മധ്യകാലഘട്ട ഇന്ത്യന്‍ ചരിത്ര വിഭാഗത്തിന്റെ ചെയര്‍മാനായ റിസ്‌വി 2003ല്‍ ബാബരി മസ്ജിദ് നിലനിന്ന പ്രദേശം സന്ദര്‍ശിക്കുന്നത്.
മുമ്പ് അവിടെ ക്ഷേത്രം ഇല്ലായിരുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പാകം ചെയ്ത ഈ എല്ലിന്‍ കഷ്ണങ്ങള്‍. ഈ എല്ലിന്‍കൂട്ടങ്ങള്‍ അവര്‍ പരിശോധിക്കുകയോ ശേഖരിക്കുകയോ ചെയ്യാതെ തങ്ങളുടെ കണ്‍മുന്നില്‍ വച്ച് കൂട്ടകളിലാക്കി വലിച്ചെറിയുകയായിരുന്നു. ബാബരിമസ്ജിദ് നിന്ന പ്രദേശത്ത് ക്ഷേത്രം ഇല്ലാതിരുന്നതിന്റെ തെളിവാണ് ഇതിലൂടെ ആര്‍ക്കിയോളജി വകുപ്പ് ഇല്ലാതാക്കിയെന്നാണ് റിസ്‌വി വെളിപ്പെടുത്തുന്നത്.
എല്ലിന്‍കഷ്ണങ്ങള്‍ കണ്ടെടുത്തതോടെ ചില ഉദ്യോഗസ്ഥര്‍ അസ്വസ്ഥരായതും വേഗം അവ നശിപ്പിക്കണമെന്ന് കീഴുദ്യോസ്ഥരോട് ആജ്ഞാപിച്ചതും റിസ്‌വി ഓര്‍ക്കുന്നു. വേവിച്ച മൃഗങ്ങളുടെ അസ്ഥികളായിരുന്നു അവിടെ നിന്നു ലഭിച്ചത്. ഖനനം ചെയ്തുകൊണ്ടിരിക്കെ പ്രദേശത്ത് നിന്ന് കൂടുതല്‍ അസ്ഥികള്‍ ലഭിച്ചുകൊണ്ടേയിരുന്നു. അവയ്ക്ക് 9ാം നൂറ്റാണ്ടുമുതലുള്ള പഴക്കമുണ്ടായിരുന്നു. അതിനര്‍ഥം 1992 ഡിസംബര്‍ 6ന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത് വരെ അവിടെ ക്ഷേത്രം നിലനിന്നിരുന്നില്ലെന്നാണ്. പശു, ആട്, പോത്ത് എന്നിവയുടെ എല്ലിന്‍ കഷ്ണങ്ങളായിരുന്നു ഖനനത്തില്‍ ലഭിച്ചത്.
2003ലെ ഖനന റിപോര്‍ട്ടില്‍ എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ച കാര്യം ഉള്‍പ്പെടുത്തണമെന്ന് സമിതിയോട് പറഞ്ഞപ്പോള്‍ അവരത് ചെവിക്കൊണ്ടില്ല. തങ്ങള്‍ പ്രതിഷേധം തുടര്‍ന്നെങ്കിലും വിശദമായ റിപ്പോര്‍ട്ടില്‍ അതിനേക്കുറിച്ചുള്ള ഒരു അധ്യായം പോലും ഉണ്ടായില്ല. എല്ല് കണ്ടെത്തിയതിനെക്കുറിച്ച് വാഗ്വാദങ്ങള്‍ നടക്കവെ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് പറഞ്ഞത്. എന്നാല്‍, ഹിന്ദു ദൈവമായ രാമന്റെ പേരിലുള്ള വൈഷ്ണവ ക്ഷേത്രത്തില്‍ ഒരിക്കലും എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്താനാവില്ലെന്ന് റിസ്‌വി ചൂണ്ടിക്കാട്ടുന്നു. കൂടാതെ പോത്തിന്റെ എല്ലുകളും ലഭിച്ചിരുന്നു.
ബ്രാഹ്മണന്‍മാര്‍ ഇറച്ചി കഴിക്കുന്നവര്‍ ആയിരുന്നോ? അവര്‍ ക്ഷേത്രത്തില്‍ ഇരുന്ന് ബീഫ് കഴിക്കുകയായിരുന്നോ? റിസ്‌വി ചോദിക്കുന്നു. സുന്നി സെന്‍ട്രന്‍ വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമായിരുന്നു അലഹാബാദ് ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ ഉല്‍ഖനനം ഏല്‍പിച്ചത്. എന്നാല്‍ ഒന്നോ അധിലധികമോ ക്ഷേത്രങ്ങള്‍ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് തീര്‍പ്പ് കല്‍പിച്ചാണ് പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ ക്ഷേത്രങ്ങള്‍ പത്താം നൂറ്റാണ്ടുമുതലുളള സമയത്താണ് നിര്‍മിക്കപ്പെട്ടതെന്നും 16ാം നൂറ്റാണ്ടില്‍ ബാബരി മസ്ജിദ് നിര്‍മിക്കുന്നതുവരെ ഇവ നിലനിന്നിരുന്നെന്നും റിപോര്‍ട്ടില്‍ കണ്ടെത്തലായി അവതരിപ്പിച്ചു. രൂക്ഷ വിമര്‍ശനങ്ങളുണ്ടായെങ്കിലും ആ എല്ലിന്‍ കഷ്ണങ്ങളെ കോടതിയും വലിച്ചെറിഞ്ഞ് റിപോര്‍ട്ട് അംഗീകരിച്ചു.
വാല്‍ക്കഷ്ണം:
-അന്ന് ഉല്‍ഖനനത്തിന് നേത്യത്വം നല്‍കിയ ബി ആര്‍ മണി പിന്നീട് 2016ല്‍ മോദി ഭരണത്തില്‍ ദേശീയ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആയി നിയമിതനായി.
-ഉല്‍ഖനന സംഘത്തിലെ അംഗമായിരുന്ന കെ കെ മുഹമ്മദ് എന്ന മലയാളി റിപോര്‍ട്ടിനെ അംഗീകരിക്കുകയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ സംഘത്തെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. എന്നല്‍ എല്ലിന്‍ കഷ്ണങ്ങള്‍ നശിപ്പിച്ചതെന്തിനെന്ന ചോദ്യത്തിന് അദ്ദേഹത്തിനും ഉത്തരമില്ല. അന്ന് ആ സംഭവം ചൂണ്ടിക്കാണിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
-സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കുന്നതില്‍ കെ കെ മുഹമ്മദിനോട് ബി ആര്‍ മണി ആത്മനിയന്ത്രണം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.