ബാബരി കേസ്: വിധിയെ അപലപിച്ച് സിഖ് സംഘടന എസ്ജിപിസി

സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്ക് രാമന്റെ ജന്‍മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യയില്‍ ദര്‍ശനത്തിനെത്തിയെന്ന പരാമര്‍ശമാണ് എസ്ജിപിസിയെ ചൊടിപ്പിച്ചത്. സുപ്രിംകോടതി വിധിയെ അപലപിക്കുന്ന പ്രമേയം എസ്ജിപിസി യോഗം അംഗീകരിച്ചു.

Update: 2019-12-01 11:48 GMT

ചണ്ഡിഗഡ്: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ വിധിയെ ശക്തമായി അപലപിച്ച് സിഖ് സംഘടന ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) രംഗത്ത്. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്ക് രാമന്റെ ജന്‍മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യയില്‍ ദര്‍ശനത്തിനെത്തിയെന്ന പരാമര്‍ശമാണ് എസ്ജിപിസിയെ ചൊടിപ്പിച്ചത്. സുപ്രിംകോടതി വിധിയെ അപലപിക്കുന്ന പ്രമേയം എസ്ജിപിസി യോഗം അംഗീകരിച്ചു. രജീന്ദര്‍ സിങ് എന്ന എഴുത്തുകാരനെ ഉദ്ധരിച്ച് ഹിന്ദു കക്ഷികളാണ് അലഹബാദ് ഹൈക്കോടതിയില്‍ ഗുരുനാനാക്ക് അയോധ്യ സന്ദര്‍ശിച്ചെന്ന വാദമുയര്‍ത്തിയത്. ആ വാദം അതേപടി എടുത്തുപയോഗിച്ച സുപ്രിംകോടതി വിധിന്യായമാണ് സിഖ് സംഘടന വിമര്‍ശനവിധേയമാക്കിയിരിക്കുന്നത്. ബാബരി മസ്ജിദ് കേസില്‍ ചരിത്രഗ്രന്ഥങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗുരുനാനാക് അയോധ്യ സന്ദര്‍ശിച്ചുവെന്ന് ഹിന്ദു കക്ഷികള്‍ അവകാശവാദമുന്നയിച്ചതില്‍ സിഖ് ജനത രോഷാകുലരാണ്.

ഗുരുനാനാക്ക് അയോധ്യയില്‍ മാത്രമല്ല, മക്കയിലും പോയിട്ടുണ്ട്. അത് മതപ്രചാരണത്തിന്റെ ഭാഗമായാണ്. രൂപമില്ലാത്ത ഒരു ദൈവത്തെക്കുറിച്ച് പ്രസംഗിക്കാനും സന്ദേശം പ്രചരിപ്പിക്കാനുമാണ് അദ്ദേഹം അവിടങ്ങളില്‍ പോയതെന്നാണ് സിഖ് ബുദ്ധിജീവികള്‍ പറയുന്നത്. ഗുരുദ്വാര കമ്മിറ്റിയുടെ പൊതുസഭയുടെ വോട്ടെടുപ്പ് വേളയില്‍ പ്രതിപക്ഷ അംഗം സുഖ്‌ദേവ് സിങ് ഭൗര്‍ ആണ് സുപ്രിംകോടതിയുടെ വിധിന്യായത്തിനെതിരേ പ്രമേയം പാസാക്കണമെന്ന് ആവശ്യമുന്നയിച്ചത്. ഗുരുദ്വാര കമ്മിറ്റിയെ നിയന്ത്രിക്കുന്ന ശിരോമണി അകാലിദളുമായി (എസ്എഡി) ബന്ധമുള്ള ഭൂരിപക്ഷം അംഗങ്ങളും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയും പ്രമേയം പാസാക്കുകയുമായിരുന്നു.

അതേസമയം, സുപ്രിംകോടതി വിധിന്യായത്തില്‍ ഗുരുനായാക്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ജിപിസി സെക്രട്ടറി രൂപാ സിങ് വ്യക്തമാക്കി. ബുധനാഴ്ച നടന്ന ശിരോമണി ഗുരുദ്വാര പര്‍ഭന്ധക് കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഗോബിന്ദ് സിങ് ലോംഗോവാളിനെ മൂന്നാംതവണയും പ്രസിഡന്റായി തിരഞ്ഞെടുത്തു. 2017 നവംബറിലാണ് ലോംഗോവാള്‍ ആദ്യമായി എസ്ജിപിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1985, 1997, 2002, 2015 വര്‍ഷങ്ങളില്‍ നിയമസഭാംഗമായ അദ്ദേഹം 2011 ലാണ് എസ്ജിപിസി അംഗമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

Tags:    

Similar News