നോട്ട് നിരോധന സമയത്ത് ബിജെപി ആസ്ഥാനത്തു പഴയ നോട്ടുകള്‍ മാറ്റിക്കൊടുത്തുവെന്ന്; വീഡിയോ പുറത്തു വിട്ട് കപില്‍ സിബല്‍
ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ നിരോധിച്ച സമയത്ത് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പഴയ നോട്ടുകള്‍ മാറ്റിക്കൊടുത്തുവെന്നു കോണ്‍്ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇതിന്റെ തെളിവായി മൂന്നു വീഡിയോകളും സിബല്‍ പുറത്തുവിട്ടു. ഡല്‍ഹി പോലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പാദുലേ, ജമ്മുകശ്മീര്‍ പോലിസുദ്യോഗസ്ഥനായിരുന്ന ഇഖ്ബാല്‍, മാധ്യമപ്രവര്‍ത്തകന്‍ ശ്യാം ജാജു എന്നിവരടങ്ങുന്ന വീഡിയോയാണ് സിബല്‍ പുറത്തു വിട്ടത്.
പണം സൂക്ഷിക്കാന്‍ ബിജെപി ഓഫിസിന്റെ ഒന്നാം നിലയില്‍ സ്‌ട്രോങ് റൂമുണ്ടെന്നും ബിജെപി ഓഫിസിലേക്കു വരുന്ന വാഹനങ്ങള്‍ പരിശോധനക്കു വിധേയമാക്കരുതെന്നു ബിജെപി ട്രഷററായിരുന്ന പിയൂഷ് ഗോയല്‍ വ്യക്തമാക്കുന്നത് തെളിയിക്കുന്നതുമാണ് വീഡിയോ എന്നു സിബല്‍ പറഞ്ഞു. 300 കോടി മാറ്റിയെടുക്കുന്നതിനെ കുറിച്ചാണ് രണ്ടാമത്തെ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതെന്നും സിബല്‍ പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 17.97 ലക്ഷം കോടി രൂപയാണ് നോട്ടുനിരോധനത്തിന് മുമ്പ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോഴത് 21.42 ലക്ഷം കോടിയായി. അതായത് നോട്ടു നിരോധനത്തിനു ശേഷം രാജ്യത്ത് മൂന്നു ലക്ഷം കോടി രൂപ വര്‍ധിച്ചുവെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ കാണിക്കുന്നതെന്നും നോട്ടു നിരോധനത്തിന്റെ പരാജയം വ്യക്തമാക്കുന്നതാണ് ഇത്. സ്വിസ് ബാങ്കിലടക്കമുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നാണ് 2014ല്‍ മോദി പറഞ്ഞത്. എന്നാല്‍ നോട്ടു നിരോധനത്തിനു ഒരു വര്‍ഷത്തിനു ശേഷം 2017ല്‍ 7000 കോടി രൂപയാണ് സ്വിസ് ബാങ്കില്‍ നിക്ഷേപമായെത്തിയതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.