മലപ്പുറം: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും പ്രത്യേക കൊവിഡ് ആശുപത്രികളുടെ സജ്ജീകരണങ്ങള്‍ക്കുമായി തങ്ങളുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലും അറിയിച്ചു. ജില്ലയിലെ മറ്റ് എംഎല്‍എമാരും ഇത്തരത്തില്‍ മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിങ് വഴി കലക്ടറേടറ്റില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സന്നദ്ധ സേവനങ്ങളില്‍ ഏര്‍പ്പെടുന്നത് അച്ചടക്ക രാഹിത്യത്തിനുള്ള ലൈസന്‍സായി ആരും കാണരുത്. വോളണ്ടിയര്‍ പാസ് ലഭിച്ചവരാണെങ്കിലും ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ പേര് വ്യക്തമാക്കുന്ന തരത്തില്‍ വേഷ വിധാനങ്ങള്‍ സ്വീകരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ അനുവദിക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റുകള്‍ ഹാര്‍ബറുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ അണു വിമുക്തമാക്കണം. മത്സ്യ ബന്ധന നിരോധനത്തിന് നാളെമുതല്‍ ഇളവ് വരുത്തുന്നതിനാല്‍ പോലിസും ഫിഷറീസ് വകുപ്പും സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞാത ജീവിയെ പിടിക്കാനെന്ന പേരില്‍ ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് നിലവിലെ സാമൂഹിക അകലമെന്ന ദൗത്യത്തിന് വിഘാതമാണ്. ഈ സ്ഥലങ്ങളില്‍ പോലിസ് സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ഇതിനുപിന്നിലെന്നാണ് അറിയുന്നത്. ഇതിന്റെ പേരില്‍ ഇനിയാരും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും സ്പീക്കര്‍ പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ച കീഴാറ്റൂരിലെ സ്ഥിതിഗതികള്‍ ഗുരുതരമാവാതിരിക്കണമെങ്കില്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വ്യക്തി ആനക്കയം പഞ്ചായത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ഉള്‍പ്പടെ പൊതുഇടങ്ങളില്‍ നിര്‍ബാധം പോയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കോവിഡ് സ്ഥിരീകരിച്ച 85 കാരന്‍ മന്ത്ര ചികില്‍സകനായതിനാല്‍ ഇയാളെ സന്ദര്‍ശിക്കാനും പലരും വീട്ടില്‍ എത്തിയിട്ടുണ്ടാവാമെന്നതും രോഗത്തിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെടാനിടയായവരില്‍ നിന്നും ചിലരുടെ സാംപിളുകള്‍ പരിശോധനക്ക് വിധേയമാക്കും. തുടര്‍ന്ന് ആവശ്യമങ്കില്‍ കാസര്‍കോഡിന് സമാനമായ രീതിയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പ്രദേശത്ത് വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇവരുമായി ഇടപഴകിയ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് ആശുപത്രികളിലെത്താതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ആരോഗ്യ പ്രവര്‍ത്തകരുടെ വിലക്ക് ലംഘിച്ച് നിരീക്ഷണത്തില്‍ നിന്നും പുറത്ത് പോയതിനാല്‍ ഉംറ കഴിഞ്ഞു തിരിച്ചെത്തിയ വ്യക്തിക്കെതിരേ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം അറിയിച്ചു. രോഗവാഹകനായ വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ജനകീയ സര്‍വേ വേണ്ടി വരുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജിനെ 300 ബെഡുകളുള്ള കൊവിഡ് പ്രത്യേക ആശുപത്രിയാക്കിയതിന് പുറമെ ജില്ലാ താലൂക്ക് ആശുപത്രികളെയും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സൗകര്യങ്ങള്‍ മതിയാവാത്ത സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനായി പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്, കോട്ടക്കല്‍ മിംസ്, എടപ്പാളിലെ ശ്രീവത്സം എന്നീ ആശുപത്രികളെക്കൂടി കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളാക്കാന്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികളുമായി ധാരണയിലെത്തിയതായി മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി രാജന്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.