ഒരു കോടി രൂപയുടെ കള്ളനോട്ടുമായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍; കള്ളനോട്ട് അടിച്ചത് ക്ഷേത്രത്തില്‍ വച്ച്
പ്രതീക് ചൊവാരിയ, ഖേദയിലെ അംഭവ് ക്ഷേത്രത്തിലെ പൂജാരി രാധാ രമണ്‍ സ്വാമി, പ്രവീണ്‍ ചോപ്ര, കനു ചോപ്ര, മോഹന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.
സൂറത്ത്: ഒരു കോടിയില്‍ അധികം രൂപയുടെ മൂല്യംവരുന്ന 5,013 കള്ളനോട്ടുമായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ അഞ്ചു പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. ഗുജറാത്ത് പോലിസിന്റെ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. പ്രതീക് ചൊവാരിയ, ഖേദയിലെ അംഭവ് ക്ഷേത്രത്തിലെ പൂജാരി രാധാ രമണ്‍ സ്വാമി, പ്രവീണ്‍ ചോപ്ര, കനു ചോപ്ര, മോഹന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.
സൂറത്ത് ക്രൈംബ്രാഞ്ചിലെ ഒരു സംഘം ഖേദയിലെ അംഭവ് ഗ്രാമത്തില്‍ നിര്‍മാണത്തിലുള്ള 'സ്വാമി നാരായണ്‍' ക്ഷേത്രം റെയ്ഡ് നടത്തിയാണ് രാധാരമന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കുന്ന മെഷീനും ഇയാളില്‍നിന്നു കണ്ടെടുത്തു. ക്ഷേത്രത്തിലെ ഒരു മുറിയില്‍വച്ചാണ് രണ്ടായിരം രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ പ്രതികള്‍ അച്ചടിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക് ദിലിപ്ബായ് ചൊവാരിയയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 4 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.പ്രവീണ്‍ ചോപ്രയില്‍ നിന്നും 19 ലക്ഷം രൂപയും കനു ചോപ്രയില്‍ നിന്ന് 15 ലക്ഷവും മോഹന്‍ മാധവില്‍ നിന്നും 12 ലക്ഷം രൂപയും പിടികൂടിയിരുന്നു. 1 കോടി രൂപയുടെ കള്ളനോട്ടുകള്‍ സ്വന്തമായി അച്ചടിച്ചാണ് ഇവര്‍ വിതരണം നടത്തിയിരുന്നതെന്ന് ഡിസിപി രാഹുല്‍ പട്ടേല്‍ അറിയിച്ചു. പ്രവീണ്‍ ചോപ്ര എന്നയാള്‍ സ്ഥിരമായി ഇത്തരം നിയമ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നും ഇതിന് മുന്‍പ് ഒന്‍പതോളം തവണ ഇയാള്‍ സമാന കേസുകളില്‍ പിടിയിലായിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.