ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് നൂറാം ദിവസത്തിലേക്ക് കടന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. രാജസ്ഥാനിലാണ് ഇന്ന് യാത്ര പര്യടനം നടത്തുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യാത്രയുടെ ഭാഗമാവും. കാല്‍നട യാത്രയുടെ നൂറാം ദിവസം ആഘോഷിക്കാന്‍ ഇന്ന് വൈകുന്നേരം ജയ്പുരില്‍ സുനീതി ചൗഹാന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാനിലുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് ദൗസയില്‍ രാഹുലിന്റെ വാര്‍ത്താസമ്മേളനവുമുണ്ട്. ഏഴ് സംസ്ഥാനങ്ങഴും മൂന്നുമാസവും 2,800 കിലോമീറ്ററും താണ്ടിയ ശേഷമാണ് ഭാരത് ജോഡോ യാത്ര എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലെത്തുന്നത്. 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റര്‍. ജനുവരി 26ന് ശ്രീനഗറില്‍ അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് 800 കിലോമീറ്റര്‍ മാത്രം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്.
പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രയ്ക്ക് ലഭിച്ചെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ ഒരുക്കം കൂടിയാണ് ഭാരത് ജോഡോ യാത്ര. ഭരണഘടനാ തത്വങ്ങളുടെയും ജനാഭിലാഷങ്ങളുടെയും ചലിക്കുന്ന ഉല്‍സവമായി യാത്ര മാറിയെന്നു സംഘാടകരിലെ പ്രമുഖരായ ദിഗ്‌വിജയ് സിങ്ങും കെ സി വേണുഗോപാലും ജയ്‌റാം രമേശും പറഞ്ഞു. അതിലേറെ വലിയൊരു ബഹുജന മുന്നേറ്റമായി യാത്ര മാറിയെന്ന് രാഹുലിന്റെ സഹയാത്രികരായ അനില്‍ ബോസ്, ചാണ്ടി ഉമ്മന്‍, ഷീബ രാമചന്ദ്രന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.