1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ ഹരിയാനയില്‍നിന്ന് പിടികൂടി
മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് വാട്‌സ് ആപ്, ടെലഗ്രാം അക്കൗണ്ടുകളുണ്ടാക്കാന്‍ മൊബൈല്‍ നമ്പറുകളും ഒടിപിയും ഓണ്‍ലൈനിലൂടെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സൂത്രധാരനെ മലപ്പുറം സൈബര്‍ പോലിസ് ഹരിയാനയില്‍നിന്ന് പിടികൂടി. പഞ്ചാബ് സ്വദേശി ജോണി എന്ന മോങ്കാ എന്ന അര്‍മ്മാന്‍ മോങ്കാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുക്‌സാര്‍ സാഹിബ് കിളിയാന്‍വാലിയിലെ അരവിന്ദി(44)നെയാണ് ഹരിയാനയിലെ മണ്ടിദബ്ബുവാലിയില്‍ നിന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബര്‍ ക്രൈം അന്വേഷണ സംഘം ഹരിയാന പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍മാര്‍ക്കറ്റ് സൈറ്റില്‍ വേങ്ങര സ്വദേശിയുടെ 1.08 കോടി രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന അബ്ദുല്‍ റോഷന്‍ എന്നാളെ കര്‍ണാടകയിലെ മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്‌സില്‍ നിന്ന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സംഘം റോഷനെ വിശദമായി ചോദ്യം ചെയ്തതില്‍ റാക്കറ്റിലെ മറ്റ് കണ്ണികളെ സംബന്ധിച്ച് സൂചന കിട്ടി. റോഷന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പോലിസ് പരിശോധന നടത്തിയതിന്റെ അടിസ്ഥാനാത്തിലാണ് പ്രത്യേക അന്വേഷണ സംഘം പഞ്ചാബിലും ഹരിയാനയിലും അന്വേഷണം നടത്തി രണ്ടാം പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ അരവിന്ദ് ഹരിയാനയിലെ ദബ്ബുവാലിയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്നകയാണ്. എന്നാല്‍ ഇയാള്‍ സ്ഥിരമായി ഷോപ്പില്‍ വരാറില്ല. റോഷന്റെ കൈയില്‍ നിന്നു ലഭിക്കുന്ന സിം നമ്പറുകളും വാട്‌സ്ആപ്, ഒടിപിയും വീട്ടിലിരുന്ന് ഓണ്‍ലൈനായി സ്റ്റാഫിനെ വച്ച് സംഘത്തിലെ മറ്റ് കണ്ണികള്‍ക്ക് ഷെയര്‍ ചെയ്യുകയാണ് പതിവ്. ഒരാഴ്ചയായി റോഷന്റെ വാട്‌സാപ്പ് മെസേജ് കാണാതെയിരുന്നപ്പോള്‍ പ്രതി കര്‍ണാടകയില്‍ അന്വേഷണം നടത്തിയപ്പോളാണ് റോഷനെ പോലിസ് പിടികൂടിയത് അറിഞ്ഞത്. തുടര്‍ന്ന് റോഷനിലൂടെ താന്‍ പിടിക്കപ്പെടുമെന്നറിഞ്ഞ പ്രതി റോഷനുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇല്ലാതാക്കി. അരവിന്ദിനെ പിടികൂാനെത്തിയ സമയം പ്രതിയുടെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ദബ്ബുവാലി പോലിസിന്റെ ഇടപെടലിലൂടെ അറസ്റ്റ് ചെയ്ത് ദബ്ബുവാലി എസ്ഡിജെഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നീട് കോടതി ട്രാന്‍സിറ്റ് കസ്റ്റഡി അനുവദിച്ചാണ് പ്രതിയെ മലപ്പുറത്തെത്തിച്ചത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.