തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Update: 2024-04-20 09:28 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ മദര്‍തെരേസയുടെ പേരിലുള്ള ക്രിസ്ത്യന്‍ സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ 12 ഹിന്ദുത്വരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അതേസമയം, സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും മദര്‍ തെരേസയുടെ സ്തൂപം തകര്‍ക്കുകയും മാനേജറെ ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി രേവന്ത റെഡ്ഡി അറസ്റ്റ് നടപടികള്‍ സ്വീകരിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. യൂനിഫോമിനു പകരം ഏതാനും വിദ്യാര്‍ഥികള്‍ കാവി വസ്ത്രം ധരിച്ച് എത്തിയതിനെ ചോദ്യംചെയ്തതിന്റെ പേരിലാണ് ആക്രമണം നടത്തിയത്. രക്ഷിതാക്കളുടെ പരാതിയിലാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുത്തത്. കാവി വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ എതിര്‍ത്തെന്ന് കാണിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 153(എ) പ്രകാരം ഒരു മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, സെക്ഷന്‍ 295(എ) പ്രകാരം മതവികാരം വ്രണപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ദണ്ടേപള്ളി പോലിസ് കേസെടുത്തത്. ഹിന്ദുത്വരുടെ ആക്രമണത്തില്‍ മലയാളിയായ വൈദികന് ഉള്‍പ്പടെ മര്‍ദ്ദനമേറ്റിരുന്നു.

Tags:    

Similar News