കഫക്കെട്ടിന് കുത്തിവയ്പ് എടുത്തതിന് പിന്നാലെ 12കാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, കേസെടുത്ത് പോലിസ്

കുറ്റിയാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ് ദേവ് ആണ് മരിച്ചത്. കുത്തിവയ്പിനെതുടര്‍ന്നുണ്ടായ അലര്‍ജിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Update: 2022-02-15 02:18 GMT

കോഴിക്കോട്: നാദാപുരത്ത് കഫക്കെട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പന്ത്രണ്ട് വയസ്സുകാരന്‍ ചികില്‍സാ പിഴവ് മൂലം മരിച്ചതായി ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തു. കുറ്റിയാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ് ദേവ് ആണ് മരിച്ചത്. കുത്തിവയ്പിനെതുടര്‍ന്നുണ്ടായ അലര്‍ജിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഫക്കെട്ടിന് തേജ് ദേവ് നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുത്തിവയ്പ് എടുത്തതിനു പിന്നാലെ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടു. അസുഖം കുറയാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തി.

വീണ്ടും കുത്തിവയ്പ് എടുത്തതോടെ ശരീരത്തില്‍ ചൊറിച്ചില്‍ രൂക്ഷമാവുകയും ദേഹം നീല നിറമായി മാറുകയും ചെയ്തു. ഉടന്‍ കുട്ടിയെ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇഞ്ചെക്ഷന്‍ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ടെസ്റ്റ് ഡോസ് നല്‍കിയപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും അതിനാലാണ് മരുന്ന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Tags:    

Similar News