യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല്‍ പിടികൂടി; തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി മടക്കി അയച്ചു
ഓണം ഉള്‍പ്പെടെ ഉൽസവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേര്‍ന്ന പാല്‍ പിടിച്ചെടുത്തത്.
പാലക്കാട്: രാസവസ്തു കലര്‍ന്ന പാലുമായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി. യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടികൂടിയത്. ടാങ്കര്‍ ലോറി തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയച്ചു.
പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലാണ് സംഭവം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പാലുമായി വന്ന ടാങ്കര്‍ലോറിയിലാണ് രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.പ്രാഥമിക പരിശോധനയിലാണ് യൂറിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം സാംപിളെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചു. ക്ഷീരവികസന വകുപ്പാണ് ടാങ്കര്‍ ലോറി തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയച്ചത്.
ഓണം ഉള്‍പ്പെടെ ഉൽസവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേര്‍ന്ന പാല്‍ പിടിച്ചെടുത്തത്. വരുംദിവസങ്ങളില്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.