യുപിയില്‍ വീണ്ടും ക്രൂരത; ദലിത് പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹാഥ്‌സറില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബധോഹിയില്‍ ഗോപീഗഞ്ച് ഗ്രാമത്തിലാണ് 14കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ വയലിലാണ് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നു പോലിസ് പറഞ്ഞു. വയലിലേക്കു പോയ പെണ്‍കുട്ടി തിരിച്ചെത്താന്‍ വൈകിയതിനെ കുടര്‍ന്ന് അന്വേഷിച്ചുപോയ സഹോദരനാണ് മൃതദേഹം കണ്ടത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി സംശയമുണ്ടെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്നും പോലിസ് പറഞ്ഞു.
'ഇതൊരു ബലാല്‍സംഗ കേസായിരിക്കാനാണു സാധ്യതയെന്നാണ് പോലിസ് നിഗമനം. കാരണം പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ മറ്റു കാരണങ്ങളൊന്നുമില്ല. പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമേ പ്രായമുള്ളൂ. അവര്‍ക്ക് ആരുമായും ശത്രുതയുണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്നും പോലിസ് ഉദ്യോഗസ്ഥന്‍ റാം ബദാന്‍ സിങ് പറഞ്ഞു. അക്രമികള്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം ഈര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജസ്റ്റിസ് ഫോര്‍ ഇന്ത്യാസ് ഡോട്ടേഴ്‌സ് എന്ന ഹാഷ്ടാഗ് കാംപയിന്‍ തുടങ്ങിയിട്ടുണ്ട്. 'ബിജെപി അനുവദിക്കുന്ന ക്രൂരതയ്ക്ക് അവസാനമില്ലേ? പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. മുഖ്യമന്ത്രി അജയ് ബിഷ്ത് രാജിവയ്ക്കുക' എന്നാണ് കോണ്‍ഗ്രസ് ആവശ്യം.
ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണ ജാതിയില്‍പെട്ട യുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കാതെ പോലിസ് അര്‍ധരാത്രി ദഹിപ്പിക്കുകയും ചെയ്ത സംഭവം രാജ്യത്ത് രണ്ടുദിവസമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടില്ലെന്ന പോലിസ് ന്യായീകരണവും പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
14-Year-Old Killed With Bricks, Stones In Uttar Pradesh's Bhadohi