അമൃത്‌സറിലെ 16 മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എഎപിയില്‍ ചേര്‍ന്നു; ഭൂരിഭാഗവും കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍

Update: 2022-03-13 15:59 GMT

അമൃത്‌സര്‍: അമൃത്‌സറിലെ 16 മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വമ്പിച്ച വിജയം നേടിയതിന് പിന്നാലെയാണ് സിറ്റിങ് മുനിസിപ്പല്‍ കൗണ്ഡസിലര്‍മാര്‍ കൂട്ടത്തോടെ എഎപിയിലേക്ക് ചേക്കേറിയത്. ഇവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍നിന്നുള്ളവരാണ്. ഞായറാഴ്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മനീഷ് സിസോദിയ കൗണ്‍സിലര്‍മാരെ അഭിവാദ്യം ചെയ്യുന്നതിന്റെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ എഎപി ട്വീറ്റ് ചെയ്തിട്ടുണ്ട്. നിയമസഭയില്‍ വിജയിച്ചതിന് ശേഷം മുനിസിപ്പല്‍ കോര്‍പറേഷനുകളിലും എഎപിയുടെ പതാക ഇപ്പോള്‍ പാറുന്നു- ട്വീറ്റില്‍ പറയുന്നു. മേയര്‍ കരംജിത് സിങ് റിന്റു ഫെബ്രുവരി 16ന് കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെയും മുതിര്‍ന്ന നേതാവും ഇപ്പോള്‍ നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എഎപിയില്‍ ചേര്‍ന്നിരുന്നത്. മുനിസിപ്പല്‍ കോര്‍പറേഷന്റെ ആകെ അംഗബലം 85 ആണ്. അതില്‍ 65 അംഗങ്ങള്‍ കോണ്‍ഗ്രസിന്റേതാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് എഎപി എതിരാളികളെ തറപറ്റിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റുകള്‍ മാത്രമാണ് ഇവിടെ നേടാനായത്.

Tags:    

Similar News