നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റി ഉദ്ധവ് താക്കറെ സര്‍ക്കാര്‍

Update: 2022-06-29 15:50 GMT

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധിക്കിടെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഔറഗാംബാദിന്റെ പേര് സാംഭാജിനഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് നഗരങ്ങളുടെ പേരുമാറ്റാനുള്ള നീക്കം. വിശ്വാസം തെളിയിക്കാനായില്ലെങ്കില്‍ ഉദ്ധവ് സര്‍ക്കാര്‍ രാജി പ്രഖ്യാപിക്കേണ്ടിവരും.

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടരുന്നതിനിടെ കൂടിയാണ് പേര് മാറ്റല്‍ നീക്കങ്ങള്‍. സംസ്ഥാനത്തെ രണ്ട് നഗരങ്ങളുടെ പേര് മാറ്റണമെന്നത് ശിവസേന ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സാംഭാജി. 17ാം നൂറ്റാണ്ടില്‍ ഔറംഗാബാദിന് ആ പേര് നല്‍കിയ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സേന പറയുന്നു.

സംഭാജിയെന്ന് പേര് മാറ്റണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമാണ്. പേരുമാറ്റുന്നത് 'രാഷ്ട്രീയ അജണ്ടയാവരുത്' എന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഇന്ന് ഈ നീക്കത്തെ പിന്തുണച്ചു. ഹൈദരാബാദിന്റെ ഏറ്റവും ഒടുവിലത്തെ രാജാവായ മിര്‍ ഒസ്മാന്‍ അലി ഖാനില്‍ നിന്നാണ് ഒസ്മാനാബാദ് എന്ന പേരുണ്ടായത്. ഹൈദരാബാദിന്റെ സമീപത്തുള്ള പുരാതനഗുഹയായ ധാരാശിവിന്റെ പേര് ഈ നഗരത്തിന് നല്‍കണമെന്നതും സേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാറ്റലൈറ്റ് ടൗണ്‍ നിര്‍മിക്കുന്നതിനായി കുടിയിറക്കപ്പെട്ട ജനങ്ങളുടെ നേതാവായ ഡി ബി പാട്ടീലിന്റെ പേരില്‍ നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് പേര് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഗവര്‍ണര്‍ ബി എസ് കോഷ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് നാളെ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്ത് ശിവസേന സമര്‍പ്പിച്ച ഹരജിയിലാണ് വാദം നടക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരക് കിഷന്‍ കൗള്‍ വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്കും വേണ്ടി ഹാജരായി. ഷിന്ദേ അടക്കം 16 സേനാ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലായ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരേ ഷിന്‍ഡെ നല്‍കിയ ഹരജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹരജി ജൂലായ് 12ന് കോടതി വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് നിര്‍ദേശം.

Tags:    

Similar News