യുഎസ് സര്‍വകലാശാല കാംപസില്‍ വെടിവയ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു; നാലു പേര്‍ക്ക് പരിക്കേറ്റു
പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാര്‍ഥിയായ അക്രമിയെ കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
വാഷിങ്ടണ്‍: നോര്‍ത്ത് കാരലൈനയിലെ ചാര്‍ലറ്റ് സര്‍വകലാശാല കാംപസിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാര്‍ഥിയായ അക്രമിയെ കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അധ്യയന വര്‍ഷത്തിന്റെ സമാപന ദിനത്തിലാണ് വെടിവയ്പുണ്ടായത്. അടുത്ത ആഴ്ചയാണ് പരീക്ഷകള്‍ തുടങ്ങുന്നത്.
സര്‍വകലാശാലയിലെ കെന്നഡി അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങിന് സമീപം പ്രാദേശിക സമയം വൈകീട്ട് 5.45 ഓടെയാണ് വെടിവയ്പുണ്ടായത്. അക്രമിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചാര്‍ലറ്റ് സര്‍വകലാശാലയില്‍ 26500ല്‍ അധികം വിദ്യാര്‍ഥികളും 3000 ജീവനക്കാരുമാണുള്ളത്.