ഫ്‌ലോറിഡ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വീണ്ടും വധശ്രമം. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ട്രംപിനെതിരേ രണ്ടു മാസങ്ങള്‍ക്കിടയില്‍ രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്. ജൂലൈയിലും ട്രംപിനെതിരേ വധശ്രമം നടന്നിരുന്നു. ഇന്നലെ ആക്രമണം നടന്നത് ഫ്‌ലോറിഡയിലായിരുന്നു. എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്‌ലോറിഡയില്‍ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് കോഴ്‌സില്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ട യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിയുതിര്‍ത്തെങ്കിലും ഒരു കറുത്ത എസ്‌യുവി കാറില്‍ അയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീടയാളെ മാര്‍ട്ടിന്‍ കണ്‍ട്രിക്കു സമീപത്തു നിന്ന് ലോക്കല്‍ പോലിസ് പിടികൂടി.
'ഒരാള്‍ ഇപ്പോള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. അയാളാണ് അക്രമിയെന്നാണ് ബലമായ സംശയം'. പാം ബീച്ച് കണ്‍ട്രി പോലിസ് ഉദ്യോഗസ്ഥന്‍ റിക് ബ്രാഡ്ഷാ പറഞ്ഞു. അക്രമി കാറില്‍ രക്ഷപ്പെടുന്നതു കണ്ട ഒരാള്‍ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുത്തത് അക്രമിയെ കണ്ടെത്താന്‍ പോലിസിന് സഹായകമായി. ട്രംപിനടുത്തു നിന്ന് ഏതാണ്ട് 400-500 വാര മാത്രം അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ട്രംപ് ഗോള്‍ഫ് കളിക്കുകയായിരുന്നു അപ്പോള്‍. യുഎസ് പ്രസിഡന്റിനും പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും സംരക്ഷണമൊരുക്കുന്നതിന് ചുമതലയുള്ള സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ആ സമയം രംഗനിരീക്ഷണം നടത്തി റോന്തുചുറ്റുന്നുണ്ടായിരുന്നു. കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് ടെലിസ്‌കോപിക് കാമറ ഘടിപ്പിച്ച എകെ 47 റൈഫിള്‍ പാം ബീച്ച് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു മുമ്പായിരുന്നു സംഭവമെന്ന് യുഎസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി.
തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതില്‍ യുഎസ് സീക്രട്ട് സര്‍വീസ് പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഇത്തവണത്തെ ആക്രമണത്തില്‍ ട്രംപിന് പരിക്കൊന്നുമുണ്ടായില്ലെങ്കിലും ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധോദ്യമത്തില്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ബുള്ളറ്റ് ഏശിയിരുന്നു. രണ്ട് വധശ്രമങ്ങളും ട്രംപിന് വളരെ അടുത്തു നിന്നാണുണ്ടായത് എന്നതും സുരക്ഷാ പിഴവുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ട്രംപ് സുരക്ഷിതനാണ് എന്നറിഞ്ഞതില്‍ യുഎസ് പ്രസിഡന്റ് ജോബൈഡനും വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസും ആശ്വാസം രേഖപ്പെടുത്തിയതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.