''ബന്ദി മോചനക്കാര്യം നെതന്യാഹുവിനോട് ചോദിക്കണം'' ട്രംപിന് മറുപടിയുമായി ഹമാസ്

തൂഫാനുല്‍ അഖ്‌സയില്‍ 250ല്‍ അധികം ജൂത കുടിയേറ്റക്കാരെയാണ് ഹമാസ് കസ്റ്റഡിയില്‍ എടുത്ത് ഗസയിലേക്ക് കൊണ്ടുപോയത്.

Update: 2024-12-04 02:16 GMT

കെയ്‌റോ: ജനുവരി 20ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയെ നരകമാക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഹമാസ്. ബന്ദി മോചനത്തില്‍ നിലപാട് പറയേണ്ടത് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ബാസിം നഈം പറഞ്ഞു.

ഇസ്രായേലിന്റെ രാഷ്ട്രീയ-സൈദ്ധാന്തിക ലക്ഷ്യങ്ങള്‍ നേടാന്‍ നെതന്യാഹുവാണ് ബന്ദിമോചന ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നത്. ''ട്രംപ് പറഞ്ഞത് എന്താണെന്ന് മനസിലായി. അത് യഥാര്‍ത്ഥത്തില്‍ നെതന്യാഹുവിനെ ലക്ഷ്യം വച്ചുള്ളതാണ്. ബന്ദി മോചനകാര്യത്തിലെ വഞ്ചന നെതന്യാഹു നിര്‍ത്തണം. സ്ഥിരം വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് ഹമാസ് പണ്ടേ പ്രഖ്യാപിച്ചിട്ടുണ്ട്.''-അദ്ദേഹം പറഞ്ഞു.

ഗസയിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ 2024 ജൂലൈ രണ്ടിലെ 2735ാം നമ്പര്‍ പ്രമേയം പാലിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ബാസിം നഈം പറഞ്ഞു.

തൂഫാനുല്‍ അഖ്‌സയില്‍ 250ല്‍ അധികം ജൂത കുടിയേറ്റക്കാരെയാണ് ഹമാസ് കസ്റ്റഡിയില്‍ എടുത്ത് ഗസയിലേക്ക് കൊണ്ടുപോയത്. ഇതില്‍ ഭൂരിപക്ഷം പേരും ജീവനോടെയുണ്ട്. 33 ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം വടക്കന്‍ ഗസയില്‍ ജൂതന്മാരെ കുടിയിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് ഇസ്രായേലില്‍ നടക്കുന്നത്. അതിനിടെ വെസ്റ്റ്ബാങ്ക് പൂര്‍ണമായും പിടിച്ചെടുക്കാനും ഇസ്രായേല്‍ പദ്ധതി തയ്യാറാക്കുകയാണ്.

Tags:    

Similar News