സ്വാതന്ത്ര്യദിനത്തില്‍ യുക്രെയ്‌നിലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് റഷ്യന്‍ മിസൈല്‍ ആക്രമണം; 22 മരണം

Update: 2022-08-25 04:44 GMT

കീവ്: യുക്രെയ്‌നിലെ സ്വാതന്ത്ര്യ ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒരു പാസഞ്ചര്‍ ട്രെയിനിന് തീപിടിക്കുകയും ചെയ്തതായി യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ 50ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലെ 3,500 ഓളം ആളുകള്‍ താമസിക്കുന്ന ചാപ്ലൈനിലെ റെയില്‍വേ സ്‌റ്റേഷനുനേരെ റഷ്യ ആക്രമണം നടത്തിയതായി സെലെന്‍സ്‌കി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സൈന്യം രണ്ട് തവണ ചാപ്ലിന് നേരെ ഷെല്ലാക്രമണം നടത്തിയതായി സെലെന്‍സ്‌കിയുടെ സഹായി കൈറിലോ ടിമോഷെങ്കോ പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനില്‍ റോക്കറ്റുകള്‍ പതിക്കുകയും അഞ്ച് ട്രെയിന്‍ ബോഗികള്‍ക്ക് തീപിടിക്കുകയും ചെയ്തു. ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഒരുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരുകുട്ടിയും കൊല്ലപ്പെട്ടു. അതേസമയം, ആക്രമണ വാര്‍ത്തയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ അമേരിക്ക അപലപിച്ചു. സാധാരണക്കാര്‍ നിറഞ്ഞ റെയില്‍വേ സ്‌റ്റേഷനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം ക്രൂരതകളുടെ മാതൃകയാണെന്നും ലോകം യുക്രെയ്‌നിനൊപ്പം നില്‍ണമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ട്വിറ്ററില്‍ പറഞ്ഞു.

യുക്രെയ്ന്‍ സ്വാതന്ത്ര്യത്തിന്റെ 31ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ റഷ്യ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചേക്കാമെന്ന് എന്ന് സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആറ് മാസം പിന്നിടുകയാണ്. സൈനിക നടപടിയുടെ വേഗം കുറച്ചത് സിവിലിയന്മാരെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു പറഞ്ഞു.

Tags:    

Similar News