പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനിടെ വിവാദ ക്രിമിനല്‍ ബില്ലുകള്‍ ലോക്‌സഭയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ വിവാദ ക്രിമിനല്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്കുവച്ചത്. പ്രതിപക്ഷത്തെ 141 എംപിമാരെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ സസ്‌പെന്റ് ചെയ്തത്. മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇതിനു പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിച്ചത്. ആകെയുള്ള 543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷത്ത് 199 എംപിമാരാണുള്ളത്. ഇതില്‍ 95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്‌പെന്റ് ചെയ്തു. ഇരുസഭകളിലും നിന്നായി 141 എംപിമാരാണ് സസ്‌പെന്റ് ചെയ്തത്. ഇതിനുശേഷമാണ് ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിതാ ബില്ലുകള്‍ വീണ്ടും അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ആഗസ്തില്‍ മൂന്നു ബില്ലുകളും സഭയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ മൂന്ന് ബില്ലുകളും കേന്ദ്രം പിന്‍വലിക്കുകയായിരുന്നു. പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയ ബില്ലുകളാണ് അമിത് ഷാ ഇപ്പോള്‍ അവതരിപ്പിച്ചത്. എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. വിവാദ ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസ്സാക്കിയെടുക്കാനാണ് എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്യുന്നതെന്നായിരുന്നു ആരോപണം.