മകളുടെ കണ്‍മുന്നിലിട്ട് മുസ്‌ലിം യുവാവിന് മര്‍ദ്ദനം: മൂന്നു പേര്‍ അറസ്റ്റില്‍, പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട ബജ്‌റംഗ ദള്‍ പ്രതിഷേധം

സംഭവത്തില്‍ അമന്‍ ഗുപ്ത, അജയ്, രാഹുല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-08-14 01:39 GMT
കാണ്‍പൂര്‍ (യുപി): കാണ്‍പൂരില്‍ 45 കാരനായ മുസ്‌ലിം യുവാവിനെ 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് മകളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. ഇളയമകള്‍ ഭയന്ന് ഒരിറ്റ് ദയക്കായി അക്രമികളോട് യാചിക്കുമ്പോഴും മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. പോലിസിന്റെ കണ്‍മുന്നിലിട്ടും ഇയാളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

സംഭവത്തില്‍ അമന്‍ ഗുപ്ത, അജയ്, രാഹുല്‍ കുമാര്‍ എന്നീ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുപ്തയ്ക്ക് വിഎച്ച്പിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

കലാപം, ഭീഷണിപ്പെടുത്തല്‍, മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ട അഞ്ചു പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന എട്ടു പേര്‍ക്കെതിരേയുമാണ് പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിന് ശേഷം പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദളിന്റെ ഒരു സംഘം പോലിസ് സ്‌റ്റേഷന് പുറത്ത് പ്രകടനം നടത്തി.

പ്രദേശത്തെ മുസ്‌ലിംകള്‍ ഒരു ഹിന്ദു സ്ത്രീയെ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്‌റംഗ് ദള്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തിന് തൊട്ടുപിന്നാലെയാണ് ബജ്‌റംഗ് ദള്‍ ഗുണ്ടകളെ യുവാവിനെ ക്രൂരമായി ആക്രമിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News