ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരേ ബോംബേറ്; ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് ബിജെപി

വീടിന്റെ ഇരുമ്പ് ഗേറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സമയം എംപി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.

Update: 2021-09-08 07:11 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരേ ബോംബേറ്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ജഗത്ദാലിലെ വീടിന് നേരേ ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് ആരോപിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ ഇരുമ്പ് ഗേറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സമയം എംപി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. എംപിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നതിന്റെ അടയാളങ്ങള്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.

അക്രമികള്‍ക്കായി പോലിസ് അന്വേഷണം തുടങ്ങി. ഡല്‍ഹിയിലുള്ള എംപി സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് അദ്ദേഹം കൊല്‍ക്കത്തയില്‍ തിരികെയെത്തുമെന്നാണ് വിവരം. സംഭവത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നടുക്കം രേഖപ്പെടുത്തി. ബംഗാളിലെ അക്രമം അനാവശ്യമാണെന്ന് വിശേഷിപ്പിച്ച് അദ്ദേഹം പോസ്റ്റില്‍ അറിയിച്ചു. തന്റെ ആശങ്ക മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ അക്രമങ്ങള്‍ ശമിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല.

ഇന്ന് രാവിലെ എംപി അര്‍ജുന്‍ സിങ്ങിന്റെ വസതിക്ക് പുറത്ത് ബോംബ് സ്‌ഫോടനമുണ്ടായി. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നു. പോലിസ് പെട്ടെന്ന് നടപടി സ്വീകരിക്കുക- ധന്‍ഖര്‍ ട്വീറ്റ് ചെയ്തു. അതേസമയം, ബംഗാള്‍ ബിജെപിയുടെ ആഭ്യന്തര കലഹത്തിന്റെ ഫലമാണ് ബോംബ് ആക്രമണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. മുമ്പ് തൃണമൂല്‍ എംഎല്‍എ ആയിരുന്ന അര്‍ജുന്‍ സിങ് 2019 ലാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബരാക്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലും ബിജെപിയും തമ്മില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്.

Tags:    

Similar News